ഓസ്‌ട്രേലിയയെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി മുള്‍മുനയില്‍ നിര്‍ത്തിയ ആണവ ഉപകരണം ഒടുവില്‍ കണ്ടെത്തി. വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ നടത്തിയ തെരച്ചിലിനൊടുവിലാണ് ഇത്തിരിക്കുഞ്ഞന്‍ ഉപകരണം കണ്ണില്‍പെട്ടതെന്ന് അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞ മാസമാണ് ക്യാപ്‌സൂള്‍ കാണാതെ പോയത്. ഉപകരണം ഒരിടത്ത് നിന്നും മാറ്റുന്നതിനിടെയാണ് കാണാതെ പോയത്. ഇതോടെ 1400 കീലോമീറ്ററില്‍ വ്യാപകമായ തെരച്ചില്‍ ആരംഭിച്ചു.
ഒരു പയര്‍മണിയുടെ വലുപ്പത്തിലുള്ള വസ്തുവിന്റെ ക്ലോസ്-അപ്പ് ചിത്രം അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്. ചെറിയ കല്ലുകള്‍ക്കിടയില്‍ കിടക്കുന്ന നിലയിലാണ് ഇത് കണ്ടെത്തിയത്.
സീരിയല്‍ നമ്പര്‍ പരിശോധിച്ചാണ് കാണാതായ വസ്തു തന്നെയാണ് കണ്ടെത്തിയതെന്ന് സ്ഥിരീകരിച്ചത്. ഡിവൈസ് നഷ്ടപ്പെടുത്തിയ ഖനന വമ്പന്‍ റിയോ ടിന്റോ സംഭവത്തില്‍ മാപ്പ് പറഞ്ഞിരുന്നു.