പ്ലേ സ്‌കൂളില്‍ പോകാന്‍ വിസമ്മതിച്ച കുട്ടിയെ അമ്മൂമ്മ വലിയ കമ്പ് വെച്ച് ക്രൂരമായി അടിച്ച കേസില്‍ കുട്ടിയുടെ മുത്തശ്ശിയും അച്ഛനും അറസ്റ്റില്‍. ജുവനൈല്‍ ജസ്റ്റിസ് വകുപ്പ് പ്രകാരം വര്‍ക്കല പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് കുട്ടിയുടെ അച്ഛനേയും അമ്മൂമ്മയെയും പ്രതിചേര്‍ത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം, പ്ലേ സ്‌കൂളില്‍ പോകാതെ പ്രതികളുമായി വിരോധമുള്ളവരുടെ വീട്ടില്‍ കുട്ടി പോയതിന്റെ ദേഷ്യത്തിലാണ് അമ്മൂമ്മ ആ വീട്ടില്‍ നിന്ന് കുട്ടിയെ വിളിച്ചിറക്കി മര്‍ദ്ദിച്ചത് എന്നും വൈകിട്ട് വീട്ടില്‍ എത്തിയ പിതാവും ഇത് അറിഞ്ഞ് കുട്ടിയെ മര്‍ദിച്ചു എന്നുമാണ് പൊലീസ് എഫ് ഐ ആറില്‍ പറയുന്നത്.
തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. പ്ലേ സ്‌കൂളില്‍ പോകാന്‍ മുത്തശ്ശിക്കൊപ്പം വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു പെണ്‍കുട്ടി. പ്ലേ സ്‌കൂളില്‍ പോകുന്നില്ലെന്ന് പറഞ്ഞ് വാശിപിടിച്ചു. ഇതില്‍ പ്രകോപിതയായാണ് മുത്തശ്ശി വടിയെടുത്ത് കുട്ടിയെ തല്ലിച്ചതച്ചതെന്നായിരുന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞത്. ഇത് തന്നെയാണ് വീഡിയോയിലും ഉള്ളത്. കുട്ടി കരച്ചിലിനിടെ ഞാന്‍ പോകാം അമ്മെ, ഞാന്‍ പൊയ്‌ക്കോളാം തല്ലല്ലേ എന്ന് നിലവിളിക്കുന്നുമുണ്ട്.
കാലിനും മുതുകിനും അടക്കം പൊതിരെ തല്ലിയെ മുത്തശ്ശിയുടെ പിടി വിടീച്ച് സ്വന്തമായാണ് കുട്ടി പ്ലേ സ്‌കൂളിലേക്ക് പോയത്. അയല്‍വാസിയായ സ്ത്രീയാണ് മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇത്തരത്തില്‍ മുത്തശ്ശിയും അച്ഛനും കുട്ടിയെ മര്‍ദ്ദിക്കുന്നത് പതിവെന്ന് നാട്ടുകാര്‍ പറയുന്നു. ദൃശ്യങ്ങളെടുത്ത അയല്‍വാസി പരിചയക്കാര്‍ക്ക് കൈമാറിയതോടെ സാമൂഹമാധ്യമങ്ങളിലൂടെ അതിവേഗം പ്രചരിച്ചു. നാട്ടുകാരനായ പൊതുപ്രവര്‍ത്തകന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. വീട്ടിലെ മൂന്ന് പെണ്‍മക്കളില്‍ ഇളയതാണ് മര്‍ദ്ദനമേറ്റ പെണ്‍കുട്ടി.