ബ്രിട്ടീഷ് രാജകുടുംബത്തെ നോട്ടുകളില്‍ നിന്നും പുറംതള്ളാന്‍ ഒരുങ്ങി ഓസ്‌ട്രേലിയ. 5 ഡോളര്‍ നോട്ടില്‍ ഇനി ചാള്‍സ് രാജാവിന് പകരം സ്വദേശികളായ ഓസ്‌ട്രേലിയക്കാരെ ആദരിക്കാനായി ഇവരുടെ സംസ്‌കാരവും, ചരിത്രവുമാണ് പുതിയ ഡിസൈനില്‍ ഇടംപിടിക്കുകയെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി.
അന്തരിച്ച രാജ്ഞി എലിസബത്ത് 2ന്റെ ചിത്രമാണ് ഓസ്‌ട്രേലിയന്‍ കറന്‍സിയില്‍ ഏറെ നാളായി ഉണ്ടായിരുന്നത്. മറുഭാഗത്ത് ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റും കാണിച്ചിരുന്നു. പുതിയ ഡിസൈനില്‍ ബ്രിട്ടീഷ് രാജകുടുംബം പുറത്താകുമ്പോള്‍ സ്വദേശികളായ മനുഷ്യര്‍ക്ക് ആദരം നല്‍കാനാണ് തീരുമാനം.
അന്തരിച്ച രാജ്ഞിക്ക് പകരം ചാള്‍സ് രാജാവിന് ഇടം നല്‍കേണ്ടതില്ലെന്ന തീരുമാനം അതിശയിപ്പിക്കുന്നതാണ്. ഫെഡറല്‍ ഗവണ്‍മെന്റുമായി ആശയവിനിമയം നടത്തിയ ശേഷമാണ് മാറ്റം.
ഇത് ശരിയായ തീരുമാനമാണെന്ന് ട്രഷറര്‍ ജിം ചാമേഴ്‌സ് പറഞ്ഞു. പുതിയ 5 ഡോളര്‍ നോട്ട് ഡിസൈന്‍ ചെയ്യുന്നത് സംബന്ധിച്ച് റിസര്‍വ് ബാങ്ക് ഫസ്റ്റ് ഓസ്‌ട്രേലിയന്‍സുമായി ചര്‍ച്ച നടത്തും.