2023 ഏഷ്യാ കപ്പ് പാകിസ്ഥാന് നഷ്ടമായേക്കും; വേദി മാറ്റാന്‍ ആലോചിച്ച് സംഘാടകര്‍; അന്തിമതീരുമാനം മാര്‍ച്ചില്‍ ഉണ്ടാകും; പിന്നില്‍ ഇന്ത്യയുടെ സമ്മര്‍ദതന്ത്രമോ?

2023 ഏഷ്യാ കപ്പ് പാകിസ്ഥാന് നഷ്ടമായേക്കും; വേദി മാറ്റാന്‍ ആലോചിച്ച് സംഘാടകര്‍; അന്തിമതീരുമാനം മാര്‍ച്ചില്‍ ഉണ്ടാകും; പിന്നില്‍ ഇന്ത്യയുടെ സമ്മര്‍ദതന്ത്രമോ?
2023 ഏഷ്യാ കപ്പ് വേദി പാകിസ്ഥാനില്‍ നിന്നും മാറ്റി യുഎഇയില്‍ നടത്താന്‍ ആലോചന. ബഹ്‌റിനില്‍ ചേര്‍ന്ന ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ യോഗത്തിന് ശേഷമാണ് ഈ സംഭവവികാസങ്ങള്‍ ഉടലെടുത്തിരിക്കുന്നത്. ഏഷ്യാ കപ്പ് എവിടെ വെച്ച് നടത്തണമെന്ന കാര്യത്തില്‍ തീരുമാനം ഉണ്ടായിട്ടില്ലെങ്കിലും പാകിസ്ഥാനില്‍ വെച്ച് 50 ഓവര്‍ ടൂര്‍ണമെന്റ് നടത്തേണ്ടതില്ലെന്ന നിലയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

2023 ലോകകപ്പിലേക്ക് നയിക്കുന്ന പ്രധാന ടൂര്‍ണമെന്റ് കൂടിയാണ് ഏഷ്യാ കപ്പ്. മാര്‍ച്ചില്‍ ചേരുന്ന ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ യോഗത്തിലാകും പുതിയ വേദിയിലേക്ക് മാറ്റുന്ന കാര്യത്തില്‍ അന്തിമതീരുമാനം വരിക. ബഹ്‌റിനില്‍ ചേര്‍ന്ന യോഗത്തില്‍ എസിസി മേധാവി ജെയ് ഷാ, പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് മേധാവി നജം സേഥി, മറ്റ് അംഗരാജ്യങ്ങളിലെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

ടൂര്‍ണമെന്റ് വിജയകരമായി നടത്താനുള്ള ചര്‍ച്ചകളാണ് ബോര്‍ഡ് യോഗത്തില്‍ നടന്നതെന്ന് എസിസി വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കി. 2023 സെപ്റ്റംബറില്‍ ഏഷ്യാ കപ്പ് നടത്തുമെന്ന് എസിസി സ്ഥിരീകരിച്ചു. പാകിസ്ഥാനാണ് ടൂര്‍ണമെന്റിന്റെ ആതിഥേയത്വം ലഭിച്ചിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം തന്നെ ബിസിസിഐ സെക്രട്ടറിയായിരുന്ന ജെയ് ഷാ ഏഷ്യാ കപ്പ് പാകിസ്ഥാന് പുറത്തേക്ക് നീക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് മേധാവിയായിരുന്ന റമീസ് രാജ ഇതിനെതിരെ രംഗത്ത് വരികയും, ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ നിന്നും പിന്‍വാങ്ങുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. എന്നാല്‍ പാകിസ്ഥാനിലേക്ക് ഇന്ത്യന്‍ ടീം പോകുന്നത് സംബന്ധിച്ച് അന്തിമതീരുമാനം ഇന്ത്യാ ഗവണ്‍മെന്റിന്റേതാകുമെന്ന നിലപാടാണ് ബിസിസിഐ സ്വീകരിച്ചത്.

Other News in this category4malayalees Recommends