17 മണിക്കൂര്‍ അനുജന് പരിക്കേല്‍ക്കാതെ കൈ കൊണ്ട് കരുതല്‍ തീര്‍ത്ത് ഏഴുവയസുകാരി ; രക്ഷാപ്രവര്‍ത്തകരെ പുഞ്ചിരിയോടെ സ്വീകരിച്ചു ; വൈറല്‍

17 മണിക്കൂര്‍ അനുജന് പരിക്കേല്‍ക്കാതെ കൈ കൊണ്ട് കരുതല്‍ തീര്‍ത്ത് ഏഴുവയസുകാരി ; രക്ഷാപ്രവര്‍ത്തകരെ പുഞ്ചിരിയോടെ സ്വീകരിച്ചു ; വൈറല്‍
ദുരിതക്കയത്തിലാണ് തുര്‍ക്കിയും സിറിയയും. എങ്ങും വിലാപവും ഞെരക്കങ്ങളും മാത്രം. ഉറക്കത്തിനിടയില്‍ സംഭവിച്ച ദുരിതത്തില്‍ എല്ലാവരും പരസ്പരം നിസഹായരായിരുന്നു. എന്നാല്‍ കൂടെയുറങ്ങിയ അനുജനെ തനിക്കാവുവോളം സംരക്ഷിച്ച ഒരു ഏഴുവയസുകാരിയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി ലോകത്തിന്റെ കണ്ണുനനയിച്ചിരിക്കുന്നത്.

യുഎന്‍ പ്രതിനിധിയായ മുഹമ്മദ് സഫയാണ് ഈ ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന സഹോദരനും സഹോദരിയുമാണ് ചിത്രത്തിലുള്ളത്. സഹോദരന്റെ തലയില്‍ പരിക്കേല്‍ക്കാതിരിക്കാന്‍ കൈ കൊണ്ട് കവചമുണ്ടാക്കിയിരിക്കുകയാണ് ഈ ഏഴു വയസ്സുകാരി.

17 മണിക്കൂറുകളോളം അവള്‍ അങ്ങനെ കൈവെച്ച് ആ കെട്ടിടാവിശിഷ്ടങ്ങള്‍ക്കിടയില്‍ കിടന്നു. ഒടുവില്‍ രക്ഷാപ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ അവരെ അവള്‍ പുഞ്ചിരിയോടെ സ്വീകരിച്ചുവെന്നും മുഹമ്മദ് സഫ ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

എന്നാല്‍ ഈ ചിത്രം തുര്‍ക്കിയില്‍ നിന്നാണോ സിറിയയില്‍ നിന്നാണോ എടുത്തതെന്ന് വ്യക്തമല്ല. ഇതിന്റെ ആധികാരികത സംബന്ധിച്ചും സ്ഥിരീകരണമുണ്ടായിട്ടില്ല. എന്നിരുന്നാലും ഈ ഏഴുവയസുകാരിയുടെ കരുതല്‍ ശ്രദ്ധേയമാകുകയാണ്.

Other News in this category4malayalees Recommends