21കാരിയായ മകളെ കൊലപ്പെടുത്തിയ മാതാപിതാക്കള്‍ പിടിയില്‍. മകളുടെ കൈവശം ഗര്‍ഭപരിശോധന കിറ്റ് കണ്ടെത്തിയതിനെ തുടര്‍ന്നുണ്ടായ സംശയത്തിലാണ് ആസിഡൊഴിച്ച് കൊലപ്പെടുത്തിയത്. ഉത്തര്‍പ്രദേശിലാണ് ദാരുണ സംഭവം നടന്നത്. കൗശാംമ്പി സ്വദേശികളായ നരേഷ്, ശോഭ ദേവി ദമ്പതികളുടെ മകളാണ് യുവതി. മകളെ കാണാനില്ലെന്ന് പറഞ്ഞ് ദമ്പതികള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഫെബ്രുവരി മൂന്നിന് പിതാവ് നരേഷാണ് മകളെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കിയത്. എന്നാല്‍ തിരിച്ചറിയാനാകാത്ത വിധത്തില്‍ ഒരു യുവതിയുടെ മൃതദേഹം ഇവരുടെ ഗ്രാമത്തിലുള്ള കനാലില്‍ നിന്ന് കണ്ടെടുത്തതോടെയാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്.
പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
നരേഷിന്റെ സഹോദരന്‍മാരായ ഗുലാബും രമേഷും കൊലപാതകം ചെയ്യാനായി ദമ്പതികളെ സഹായിച്ചിരുന്നു. സംഭവത്തില്‍ നാല് പേരേയും പൊലീസ് അറസ്റ്റ് ചെയ്തു. 'ഫെബ്രുവരി മൂന്നിനാണ് ദമ്പതികള്‍ ബന്ധുക്കളുടെ സഹായത്തോടെ മകളെ കൊല ചെയ്തത്. തിരിച്ചറിയാതിരിക്കാനായി ബാറ്ററി ആസിഡ് ശരീരത്തില്‍ ഒഴിച്ച് വികൃതമാക്കുകയും ചെയ്തു'. പൊലീസ് സൂപ്രണ്ട് പറഞ്ഞു.