വീട്ടുജോലിക്കെത്തിയ യുവാവിനെ വളര്‍ത്തുനായ്ക്കള്‍ കടിച്ചുകീറി കൊന്നു ; ഉടമ വീട്ടിലില്ലാത്തപ്പോള്‍ സംഭവം
വീട്ടുജോലിക്കെത്തിയ യുവാവിനെ വളര്‍ത്തുനായ്ക്കള്‍ കടിച്ചുകീറി കൊന്നു. ജുരൂപ താഴ്‌വരയിലാണ് സംഭവം. ചൊവ്വാഴ്ച രാവിലെ ജോലി ചെയ്യുന്ന വീട് വൃത്തിയാക്കാനായി എത്തിയ യുവാവിനെയാണ് നായകള്‍ കടിച്ചുകൊന്നത്. ഇതിന് മുന്‍പും ഇതേ വീട്ടില്‍ ജോലി ചെയ്തിരുന്ന യുവാവിനാണ് ദാരുണാന്ത്യം. മരണപ്പെട്ടയാളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ വിശദമാക്കുന്നത്. മൂന്ന് ബെല്‍ജിയന്‍ മലിനോയിസ് നായകളും ഒരു കെയ്ന്‍ കോര്‌സോയും ചേര്‍ന്നായിരുന്നു യുവാവിനെ കടിച്ച് കീറിയത്.
ചൊവ്വാഴ്ച രാവിലെയാണ് ഒരാളുടെ നിലവിളി കേള്‍ക്കുന്നുവെന്ന് വ്യക്തമാക്കി പൊലീസില്‍ സന്ദേശമെത്തിയത്. വീട്ടുടമ സ്ഥലത്ത് ഇല്ലാതിരുന്നത് മൂലം നായകളെ കൃത്യസമയത്ത് തടയാന്‍ സാധിക്കാതെ വന്നതും ആക്രമണത്തിന്റെ തോത് കൂട്ടുകയായിരുന്നു. നിലവില്‍ ഈ വീടിനെ ഉടമ ബിസിനസ് സ്ഥാപനമാക്കിയിരിക്കുകയാണ്. അത്യാവശ്യ സന്ദേശമനുസരിച്ച് പൊലീസ് സ്ഥലത്ത് എത്തിയപ്പോഴേയ്ക്കും ഇയാള്‍ മരണത്തിന് കീഴടങ്ങിയിരുന്നു.