ഭര്‍ത്താവുമായി പിരിഞ്ഞ് സ്വന്തം വീട്ടില്‍ താമസമാക്കിയതില്‍ അതൃപ്തി ; കോളേജ് അധ്യാപികയായ മകളെ പിതാവ് തലയ്ക്ക് അടിച്ചുകൊലപ്പെടുത്തി

ഭര്‍ത്താവുമായി പിരിഞ്ഞ് സ്വന്തം വീട്ടില്‍ താമസമാക്കിയതില്‍ അതൃപ്തി ; കോളേജ് അധ്യാപികയായ മകളെ പിതാവ് തലയ്ക്ക് അടിച്ചുകൊലപ്പെടുത്തി
വിവാഹബന്ധം വേര്‍പെടുത്തിയതില്‍ അസ്വസ്ഥനായ പിതാവ് കോളേജ് അധ്യാപികയായ മകളെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. നോര്‍ത്ത് ബംഗളൂരു കൊഡിഗെഹള്ളി സ്വദേശിയും സ്വകാര്യ കോളേജിലെ ഫാഷന്‍ ഡിസൈനിങ് വിഭാഗത്തില്‍ അധ്യാപികയുമായ ആര്‍ ആശ(32)യെയാണ് കൊലപ്പെടുത്തിയത്. കേസില്‍ അച്ഛന്‍ ബിആര്‍ രമേശി(60)നെ പോലീസ് പിടികൂടി.

ബുധനാഴ്ച അര്‍ധരാത്രിയോടെയായിരുന്നു രമേശ് വീട്ടില്‍ വെച്ച് കൃത്യം നടത്തിയത്. മകള്‍ മരിച്ചെന്ന് വ്യാഴാഴ്ച രാവിലെയോടെ രമേശ് തന്നെയാണ് പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് അറിയിച്ചത്. വീട്ടിനുള്ളില്‍ തെന്നിവീണാണ് ആശയുടെ മരണം എന്നായിരുന്നു രമേശിന്റെ മൊഴി.

എന്നാല്‍ യുവതിയുടെ ശരീരത്തിലെ പരിക്കുകള്‍ പോലീസില്‍ ദുരൂഹതയുണര്‍ത്തി. തുടര്‍ന്ന് രമേശിനെ വിശദമായി ചോദ്യംചെയ്യുകയായിരുന്നു. ഇതോടെയാണ് മകളെ താന്‍ കൊലപ്പെടുത്തിയത് ആണെന്ന് ഇയാള്‍ സമ്മതിച്ചത്.

സംഭവ സമയത്ത് രമേശിന്റെ ഭാര്യയും വീട്ടിലുണ്ടായിരുന്നു. രമേശിന്റെ രണ്ടാമത്തെ മകള്‍ ഡോക്ടറാണ്. ഇവര്‍ സംഭവസമയത്ത് വീട്ടിലില്ലായിരുന്നു. കൊല്ലപ്പെട്ട ആശ അടുത്തിടെയാണ് ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് മാതാപിതാക്കള്‍ക്കൊപ്പം താമസമാക്കിയതെന്ന് പോലീസ് പറഞ്ഞു.

മാതാപിതാക്കളുടെ സമ്മതമില്ലാതെയാണ് 2020ല്‍ ആശ പ്രണയിച്ച് വിവാഹം ചെയ്തത്. പിന്നീട് അടുത്തിടെ ഭര്‍ത്താവുമായി പിരിഞ്ഞ് വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ആശ സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തുകയായിരുന്നു.ഇതോടെ രമേശ് ഏറെ അസ്വസ്ഥനായിരുന്നു. ബുധനാഴ്ച രാത്രി വിവാഹമോചനത്തെ ചൊല്ലി അച്ഛനും മകളും വഴക്കിട്ടു. ഇതിനിടെ ആശയെ ആക്രമിച്ച രമേശ് മരക്കഷണം കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു.

സംഭവസമയം ആശയുടെ അമ്മ വീട്ടിലുണ്ടായിരുന്നെങ്കിലും മറ്റൊരു മുറിയില്‍ ആയതിനാല്‍ തന്നെ ഇവരൊന്നും അറിഞ്ഞിരുന്നില്ലെന്നാണ് പോലീസിന്റെ നിഗമനം. മകളെ അടിച്ചുവീഴ്ത്തിയ ശേഷം രമേശ് ഉറങ്ങാന്‍ പോയി. പിറ്റേ ദിവസം രാവിലെ ആശയുടെ മുറിയിലെത്തി പരിശോധിച്ചപ്പോഴാണ് മകളെ മരിച്ചനിലയില്‍ കണ്ടതെന്നാണ് രമേശിന്റെ മൊഴിയെന്ന് പോലീസ് പറഞ്ഞു.

Other News in this category4malayalees Recommends