ബംഗളുരുവിലെ ഫ്‌ളാറ്റിലെ ബാല്‍ക്കണിയില്‍ നിന്ന് വീണ് എയര്‍ ഹോസ്റ്റസ് മരിച്ച സംഭവം കൊലപാതകമെന്ന് പ്രതി സമ്മതിച്ചതായി പോലീസ്. യുവതിയെ ബാല്‍ക്കണിയില്‍ നിന്ന് തള്ളിയിട്ട് കൊന്നതാണെന്ന് മലയാളിയും കാസര്‍കോട് സ്വദേശിയുമായ ആദിഷ് കുറ്റസമ്മതം നടത്തിയതായി പോലീസ് അറിയിച്ചു.
ഹിമാചല്‍ പ്രദേശ് സ്വദേശിയായ അര്‍ച്ചന ദിമാന്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് ആദിഷ് പിടിയിലായത്. ഇയാള്‍ അര്‍ച്ചനയുമായി കഴിഞ്ഞ ആറുമാസമായി പ്രണയത്തിലായിരുന്നു.
ആദിഷ് ബംഗളൂരുവില്‍ സ്വകാര്യ ഐടി കമ്പനിയില്‍ ജീവനക്കാരനും അര്‍ച്ചന ദുബായിലെ അന്താരാഷ്ട്ര വിമാനകമ്പനിയിലെ എയര്‍ഹോസ്റ്റസ് ജീവനക്കാരിയും മോഡലും ആണ്. ഡേറ്റിംഗ് സൈറ്റ് വഴി പരിചയപ്പെട്ടതായിരുന്നു ഇരുവരും.
ആറുമാസത്തോളമായി ബംഗളൂരുവില്‍ ലിവിങ് റിലേഷന്‍ഷിപ്പാലിയുരുന്നു. വിവാഹം കഴിച്ചില്ലെങ്കില്‍ പീഡനം ആരോപിച്ച് നിയമനടപടി സ്വീകരിക്കുമെന്ന് അര്‍ച്ചന ഭീഷണിപ്പെടുത്തിയിരുന്നു എന്നാണ് ആദിഷ് പോലീസിനോട് പറഞ്ഞിരിക്കുന്നത്.
സംഭവദിവസം അര്‍ച്ചന ഭീഷണി തുടര്‍ന്നതോടെ അപ്പാര്‍ട്ട്‌മെന്റിലെ ബാല്‍ക്കണിയില്‍ നിന്ന് യുവതിയെ ആദിഷ് തള്ളിയിടുകയായിരുന്നുവെന്ന് ബംഗളുരു സൗത്ത് ഈസ്റ്റ് പൊലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ സികെ ബാബ പറഞ്ഞു.
നേരത്തെ തന്നെ മകളുടെത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും ആരോപിച്ച് അമ്മ നേരത്തെ രംഗത്തെത്തിയിരുന്നു. ആദിഷ് തള്ളിയിട്ട് കൊന്നതാണെന്നും അമ്മ പരാതിയില്‍ പറഞ്ഞിരുന്നു. വെള്ളിയാഴ്ച രാത്രി 12നാണ് അര്‍ച്ചനയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആദ്യം ആത്മഹത്യാ കേസ് രജിസ്റ്റര്‍ ചെയ്തായിരുന്നു അന്വേഷണം.
അര്‍ച്ചന കാലുതെറ്റി താഴേക്ക് വീഴുകയായിരുന്നുവെന്നും ഉടന്‍ തന്നെ താന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്നുമാണ് ആദിഷ് ആദ്യം നല്‍കിയ മൊഴി. വിശദമായ ചോദ്യം ചെയ്യലിലാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്.