ഭക്ഷണം നല്‍കാനെത്തിയ സ്ത്രീയെ അയല്‍വാസിയുടെ നായ്ക്കള്‍ കടിച്ചുകൊന്നു

ഭക്ഷണം നല്‍കാനെത്തിയ സ്ത്രീയെ അയല്‍വാസിയുടെ നായ്ക്കള്‍ കടിച്ചുകൊന്നു
അയല്‍വാസിയുടെ വളര്‍ത്തുനായ്ക്കള്‍ക്ക് ഭക്ഷണം നല്‍കാന്‍ പോയ സ്ത്രീയെ നായ്ക്കള്‍ ആക്രമിച്ചുകൊന്നു. യുഎസിലെ പെന്‍സില്‍വാനിയയിലാണ് സംഭവം. ക്രിസ്റ്റിന്‍ പൊട്ടര്‍ എന്ന 38കാരിയാണ് അയല്‍വാസിയുടെ നായ്ക്കളുടെ ആക്രമണത്തില്‍ മരിച്ചത്.

ക്രിസ്റ്റിനും ഇളയ മകനും കൂടെയാണ് അയല്‍വാസി വെന്‍ഡി സബ്ത്‌നെയുടെ നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കാന്‍ പോയത്. വെന്‍ഡിയുടെ മാതാവ് അസുഖ ബാധിതനായി ഐസിയുവില്‍ ആയതിനാല്‍ അവര്‍ ആശുപത്രിയില്‍ അമ്മയ്‌ക്കൊപ്പമായിരുന്നുു. വീട്ടിലെത്തി നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കാന്‍ സാധിക്കാത്തതിനാലാണ് ക്രിസ്റ്റിനോട് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നത്. അതു പ്രകാരമാണ് ക്രിസ്റ്റിനും ഇളയ മകനും ഭക്ഷണവുമായി നായ്ക്കളുടെ അടുത്തെത്തിയത്.

മൂന്ന് ഗ്രെയ്റ്റ് ഡെയ്‌നുകളും ഒരു ഫ്രഞ്ച് ബുള്‍ഡോഗുമാണ് വീട്ടിലുണ്ടായിരുന്നത്. ക്രിസ്റ്റിന്‍ ഭക്ഷണവുമായി വീട്ടിലെത്തിയ ഉടന്‍ രണ്ട് ഗ്രെയ്റ്റ് ഡെയ്‌നുകള്‍ ഇവരെ ആക്രമിക്കുകയായിരുന്നു. ഇതു കണ്ട മകന്‍ ഓടി വീട്ടിലെത്തി പൊലീസ് സഹായം തേടി. എന്നാല്‍ പൊലീസ് സ്ഥലത്തെത്തിയെങ്കിലും അവര്‍ക്ക് നായ്ക്കളോട് അടുക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് മൃഗ ഡോക്ടര്‍മാരെ വിവരമറിയിച്ച് അവരെത്തി നായ്ക്കളെ മയക്കിയാണ് സ്ത്രീയെ ആശുപത്രിയിലെത്തിച്ചത്. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ സ്ത്രീ അപ്പോഴേക്കും മരിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

എന്റെ ഹൃദയം തകര്‍ന്നിരിക്കുന്നു, ജീവിക്കാന്‍ തോന്നുന്നില്ല, ഇതു വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് നായ്ക്കളുടെ ഉടമയായ വെന്‍ഡി പറഞ്ഞു.

വെന്‍ഡിയുടെ നായ്ക്കള്‍ നേരത്തെയും അക്രമ സ്വഭാവം കാണിച്ചിട്ടുണ്ട്. ക്രിസ്റ്റിനെ തന്നെ മൂന്നു വര്‍ഷം മുമ്പ് ഈ നായ്ക്കള്‍ കടിച്ചിരുന്നുവെന്ന് പിതാവ് പറഞ്ഞു. വിഷയത്തില്‍ നായ്ക്കളുടെ ഉടമയായ സ്ത്രീക്കെതിരെ കേസുണ്ടാകുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

Other News in this category4malayalees Recommends