11 വര്‍ഷം മുമ്പ് അജ്ഞാതര്‍ തമിഴ്‌നാട്ടില്‍ നിന്ന് കൊള്ളയടിച്ച ഹനുമാന്‍ വിഗ്രഹം ഓസ്‌ട്രേലിയയില്‍നിന്ന് കണ്ടെത്തി

11 വര്‍ഷം മുമ്പ് അജ്ഞാതര്‍ തമിഴ്‌നാട്ടില്‍ നിന്ന് കൊള്ളയടിച്ച ഹനുമാന്‍ വിഗ്രഹം ഓസ്‌ട്രേലിയയില്‍നിന്ന് കണ്ടെത്തി
11 വര്‍ഷം മുമ്പ് അജ്ഞാതര്‍ കൊള്ളയടിച്ച ഹനുമാന്‍ വിഗ്രഹം ഓസ്‌ട്രേലിയയില്‍നിന്ന് കണ്ടെത്തി. തമിഴ്‌നാട്ടില്‍നിന്ന് മോഷണം പോയ വിഗ്രഹമാണ് ഓസ്‌ട്രേലിയയിലെ ഒരു യുവാവിന്റെ പക്കല്‍നിന്ന് കണ്ടെത്തിയത്. തമിഴ്‌നാട് പൊലീസ് നടത്തിയ ഏറെക്കാലം നീണ്ട ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് വിഗ്രഹം വീണ്ടെടുക്കാനായത്.

അരിയല്ലൂര്‍ ജില്ലയിലെ സെണ്ടുറൈക്ക് സമീപമുള്ള വരദരാജ പെരുമാള്‍ ക്ഷേത്രത്തില്‍ നിന്ന് 2012 ല്‍ വരദരാജ പെരുമാള്‍, ശ്രീദേവി, ബൂദേവി എന്നീ മറ്റ് മൂന്ന് വിഗ്രഹങ്ങള്‍ക്കൊപ്പമാണ് ഹനുമാന്‍ പ്രതിമയും അജ്ഞാതര്‍ കൊള്ളയടിച്ചത്.

ഏറെക്കാലം അന്വേഷണം നടത്തിയെങ്കിലും വിഗ്രഹം കണ്ടെത്താനായിരുന്നില്ല. ഇതിനിടെയാണ് വിഗ്രഹം രാജ്യത്തിന് പുറത്തേക്ക് പോയതിന്റെ സൂചന പൊലീസിന് ലഭിച്ചത്. തുടര്‍ന്ന് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തി. ലോകത്തെ പ്രശസ്തമായ ചില ആര്‍ട്ട് ഗാലറികളുമായി ബന്ധപ്പെട്ട് ചെന്നൈ പൊലീസ് നടത്തിയ അന്വേഷണമാണ് ഇപ്പോള്‍ ഫലം കണ്ടത്.

അമേരിക്കയിലെ ന്യൂയോര്‍ക്കിലുള്ള ക്രിസ്റ്റീസ് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഹനുമാന്‍ ലോഹ വിഗ്രഹം തമിഴ്‌നാട്ടില്‍നിന്ന് മോഷണം പോയ വിഗ്രഹമാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. എന്നാല്‍ ചെന്നൈ പോലീസ് അന്വേഷിച്ചെത്തിയപ്പോള്‍ വിഗ്രഹം ലേലത്തില്‍ പോയതായി മ്യൂസിയം അധികൃതര്‍ അറിയിച്ചു. ഇതോടെയാണ് കലാസൃഷ്ടികളുടെ ശേഖരമുള്ള ഓസ്‌ട്രേലിയന്‍ യുവാവിലേക്ക് പൊലീസ് എത്തുന്നത്. ഇദ്ദേഹമാണ് ന്യൂയോര്‍ക്ക് മ്യൂസിയത്തില്‍നിന്ന് ഹനുമാന്‍ വിഗ്രഹം ലേലത്തില്‍ സ്വന്തമാക്കിയത്.

തുടര്‍ന്ന് തമിഴ്‌നാട് പോലീസ് ഇന്ത്യയിലും ഓസ്‌ട്രേലിയയിലുമുള്ള ഇരു രാജ്യങ്ങളുടെയും നയതന്ത്ര ഉദ്യോഗസ്ഥരുടെ സഹായത്തോടെ വിഗ്രഹം കൈവശമുള്ള യുവാവിനെ കണ്ടെത്തുകയും അത് വീണ്ടെടുക്കുകയുമായിരുന്നു. വിഗ്രഹം സംസ്ഥാനത്തെത്തിയ ശേഷം കുംഭകോണത്തെ പ്രത്യേക കോടതി വഴി തമിഴ്‌നാട്ടിലെ ക്ഷേത്രം അധികൃതര്‍ക്ക് കൈമാറുമെന്ന് പൊലീസ് അറിയിച്ചു.

'കേസ് അന്വേഷണ ചുമതല ഏറ്റെടുത്ത വിഗ്രഹം വിഭാഗം സിഐഡി, വിദേശത്തെ ആര്‍ട്ട് ഗാലറികളുടെയും മ്യൂസിയങ്ങളുടെയും വെബ്‌സൈറ്റുകളില്‍ പ്രദര്‍ശിപ്പിച്ച വിവിധ വിഗ്രഹ ചിത്രങ്ങള്‍ പരിശോധിച്ചു. മോഷണം പോയ ലോഹ വിഗ്രഹങ്ങളുടെ എല്ലാ ചിത്രങ്ങളും ലോകത്തെ വിവിധ മ്യൂസിയങ്ങളില്‍ പ്രദര്‍ശിപ്പിച്ച ഫോട്ടോ ചിത്രങ്ങളുമായി താരതമ്യം ചെയ്തു. അമേരിക്കയിലെ ന്യൂയോര്‍ക്കിലുള്ള ക്രിസ്റ്റീസ് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ചിത്രവുമായി ഹനുമാന്‍ ലോഹ വിഗ്രഹത്തിന്റെ ചിത്രവുമായി സാമ്യമുണ്ടെന്ന് കണ്ടെത്താനായത് അന്വേഷണത്തില്‍ നിര്‍ണായകമായി' തമിഴ്‌നാട് ഡിജിപി പറഞ്ഞു.

Other News in this category



4malayalees Recommends