ഐശ്വര്യ രജനികാന്തിന്റെ വീട്ടിലെ മോഷണം: ജോലിക്കാരി കവര്‍ന്നത് 100 സ്വര്‍ണ്ണ നാണയം 30 ഗ്രാം വജ്രം, 4 കിലോ വെള്ളിയും; ആഭരണങ്ങള്‍ വിറ്റ് വീടും വാങ്ങി

ഐശ്വര്യ രജനികാന്തിന്റെ വീട്ടിലെ മോഷണം: ജോലിക്കാരി കവര്‍ന്നത് 100 സ്വര്‍ണ്ണ നാണയം 30 ഗ്രാം വജ്രം, 4 കിലോ വെള്ളിയും; ആഭരണങ്ങള്‍ വിറ്റ് വീടും വാങ്ങി
സംവിധായിക ഐശ്വര്യ രജനികാന്തിന്റെ വീട്ടില്‍ നിന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം പോയ കേസില്‍ താരത്തിന്റെ ജോലിക്കാരി അറസ്റ്റിലായിരുന്നു. വീട്ടുജോലിക്കാരി ഈശ്വരി, ഡ്രൈവര്‍ വെങ്കടേശന്‍ എന്നിവരാണ് പിടിയിലായത്. അവരില്‍ നിന്നും 100 സ്വര്‍ണ്ണ നാണയങ്ങളും 30 ഗ്രാമിന്റെ വജ്രാഭരണങ്ങളും 4 കിലോഗ്രാം വെള്ളിയും പോലീസ് കണ്ടെടുത്തു.

ഐശ്വര്യയുടെ വീട്ടില്‍ 18 വര്‍ഷമായി ജോലി ചെയ്യുന്ന ആളാണ് ഈശ്വരി. വീടിന്റെ മുക്കും മൂലയും പരിചിതമായിരുന്ന ഈശ്വരിക്ക് ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്നത് എവിടെയെന്നതും കൃത്യമായി അറിയാമായിരുന്നുവെന്ന് പോലീസ് പറയുന്നു. മോഷ്ടിച്ച ആഭരണങ്ങള്‍ വിറ്റ് ഒരു വീട് വാങ്ങുകയാണ് അവര്‍ ചെയ്തതെന്നും പോലീസ് അറിയിക്കുന്നു. വീട് വാങ്ങിയതുമായി ബന്ധപ്പെട്ട രേഖകളും ഈശ്വരിയുടെ വീട്ടില്‍ നിന്നും പോലീസ് കണ്ടെടുത്തു.

പല തവണകളായാണ് ഈശ്വരി മോഷണം നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം. ഐശ്വര്യ പോലീസിന് നല്‍കിയ വിവരമനുസരിച്ച് 2019 ല്‍ നടന്ന അനുജത്തി സൗന്ദര്യയുടെ വിവാഹത്തില്‍ പങ്കെടുക്കാനായാണ് അവസാനമായി ആഭരണങ്ങള്‍ ധരിച്ചത്. പിന്നീട് അവ ലോക്കറില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. എന്നാല്‍ ഈ ലോക്കര്‍ പലയിടങ്ങളിലേക്ക് ഇക്കാലയളവില്‍ മാറ്റിയിട്ടുണ്ട്. മുന്‍ ഭര്‍ത്താവ് ധനുഷിന്റെയും അച്ഛന്‍ രജനികാന്തിന്റെയുമൊക്കെ വീടുകളില്‍ ഐശ്വര്യ ഈ ലോക്കര്‍ സൂക്ഷിച്ചിട്ടുണ്ട്.

അതേസമയം ലോക്കറിന്റെ താക്കോല്‍ എപ്പോഴും ഐശ്വര്യ തന്റെ ഫ്‌ലാറ്റില്‍ സൂക്ഷിക്കുകയും ചെയ്തിരുന്നു. താന്‍ തന്റെ പുതിയ ചിത്രം ലാല്‍ സലാമിന്റെ തിരക്കുകളില്‍ ആയിരുന്ന സമയത്താണ് മോഷണം നടന്നതെന്നാണ് ഐശ്വര്യയുടെ വിലയിരുത്തല്‍.

Other News in this category4malayalees Recommends