ബ്രിട്ടനില്‍ വീണ്ടും കോവിഡ് കുതിപ്പ്; ഒരാഴ്ചയ്ക്കിടെ രോഗികളുടെ എണ്ണത്തില്‍ 14% വര്‍ദ്ധന; ഇന്‍ഫെക്ഷന്‍ വ്യാപകമായ മേഖലകളില്‍ 17-ല്‍ ഒരാള്‍ക്ക് വീതം വൈറസ് ബാധ; കഴിഞ്ഞ ആഴ്ചയില്‍1.73 മില്ല്യണ്‍ ബ്രിട്ടീഷുകാര്‍ക്ക് കൊറോണ പിടിപെട്ടു?

ബ്രിട്ടനില്‍ വീണ്ടും കോവിഡ് കുതിപ്പ്; ഒരാഴ്ചയ്ക്കിടെ രോഗികളുടെ എണ്ണത്തില്‍ 14% വര്‍ദ്ധന; ഇന്‍ഫെക്ഷന്‍ വ്യാപകമായ മേഖലകളില്‍ 17-ല്‍ ഒരാള്‍ക്ക് വീതം വൈറസ് ബാധ; കഴിഞ്ഞ ആഴ്ചയില്‍1.73 മില്ല്യണ്‍ ബ്രിട്ടീഷുകാര്‍ക്ക് കൊറോണ പിടിപെട്ടു?

ഇംഗ്ലണ്ടില്‍ കോവിഡ് വീണ്ടും തിരിച്ചുവരവ് നടത്തുന്നു. വര്‍ഷത്തിന്റെ ആരംഭത്തിന് ശേഷം ആദ്യമായി കോവിഡ് കേസുകള്‍ ഏറ്റവും വലിയ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് 40 പേരില്‍ ഒരാള്‍ക്ക് വീതം വൈറസ് ബാധിച്ചതായി നിരീക്ഷണ ഡാറ്റ വ്യക്തമാക്കി. എന്നാല്‍ വ്യാപനം വ്യാപകമായ മേഖലകളില്‍ 17-ല്‍ ഒരാള്‍ക്ക് വീതം ഇന്‍ഫെക്ഷന്‍ പിടിപെട്ടിട്ടുണ്ടെന്നാണ് കരുതുന്നത്.


മാര്‍ച്ച് 13 വരെയുള്ള ഒരാഴ്ചയ്ക്കിടെ 1.73 മില്ല്യണ്‍ ജനങ്ങള്‍ക്ക് വൈറസ് പിടിപെട്ടതായി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കണക്കാക്കുന്നു. ഒരാഴ്ച മുന്‍പത്തേക്കാള്‍ 14 ശതമാനത്തിന്റെ വര്‍ദ്ധനവാണിത്. വൈറസിന്റെ സ്വാഭാവിക സൈക്കിള്‍ പ്രകാരം അടുത്ത ആഴ്ചകളില്‍ വ്യാപനം കൂടുതല്‍ ദൃശ്യമാകുമെന്ന് വിദഗ്ധര്‍ ഭയപ്പെടുന്നു.

ഇതിനിടെ ചില വിദഗ്ധര്‍ ഫേസ് മാസ്‌ക് തിരിച്ചെത്തിക്കണമെന്ന ആവശ്യം ഉന്നയിച്ച് കഴിഞ്ഞു. രോഗം പിടിപെട്ട് ജീവനക്കാര്‍ ഹാജരാകാതെ വരുന്നതിനാല്‍ രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ജിപി സര്‍ജറികള്‍ അപ്പോയിന്റ്‌മെന്റുകള്‍ റദ്ദാക്കാന്‍ തുടങ്ങിയിട്ടുണ്ട്. 'ഇംഗ്ലണ്ടിലെ ഇന്‍ഫെക്ഷനുകള്‍ ഉയരുന്നുവെന്നാണ് ഡാറ്റ വ്യക്തമാക്കുന്നത്. എന്നാല്‍ യുകെ പല ഭാഗങ്ങളിലും ഈ ട്രെന്‍ഡ് സമാനമല്ല', ഒഎന്‍എസ് ഹെല്‍ത്ത് സര്‍വ്വെയ്‌ലന്‍സ് ഹെഡ് മൈക്കിള്‍ ബോവന്‍ പറഞ്ഞു.

ഇംഗ്ലണ്ടില്‍ കുട്ടികളിലും, 50ന് മുകളില്‍ പ്രായമുള്ളവരിലും പോസിറ്റീവിറ്റി വര്‍ദ്ധിച്ചിട്ടുണ്ട്. നോര്‍ത്ത് വെസ്റ്റ്, ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ട് എന്നിവിടങ്ങളിലും ഇന്‍ഫെക്ഷനുകളും വര്‍ദ്ധിച്ചു. മറ്റ് മേഖലകൡ അനിശ്ചിതത്വം നിലവിലുണ്ട്, അദ്ദേഹം പറഞ്ഞു. അതേസമയം കുറഞ്ഞ സാമ്പിളുകളില്‍ നിന്നുമാണ് ഒഎന്‍എസിന്റെ ഈ കണക്ക്.

സ്‌കോട്ട്‌ലണ്ടിലും കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ട്. 40-ല്‍ ഒരാള്‍ക്ക് വീതം വൈറസ് ബാധിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. വെയില്‍സില്‍ 74,500 പേര്‍ക്കും, നേര്‍ത്തേണ്‍ അയര്‍ലണ്ടില് 26,000 പേര്‍ക്കും ഒരാഴ്ചയ്ക്കിടെ രോഗം പിടിപെട്ടെന്നാണ് കണക്കുകള്‍. എന്നാല്‍ ഇതൊന്നും മഹാമാരി കാലത്തെ നടപടികള്‍ തിരിച്ചെത്തിക്കേണ്ട ആവശ്യത്തിലേക്ക് എത്തിക്കുന്നില്ലെന്ന് ഗവണ്‍മെന്റ് വ്യക്തമാക്കുന്നു.
Other News in this category



4malayalees Recommends