അന്തരിച്ച നടനും ചാലക്കുടി മുന്‍ എംപിയുമായ ഇന്നസെന്റിന്റെ സംസ്‌കാരം നാളെ നടക്കും. രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട കത്തീഡ്രല്‍ പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം. ഇന്ന് രാവിലെ കൊച്ചിയിലും തുടര്‍ന്ന് ഇരിങ്ങാലക്കുടയിലും മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും.കൊച്ചിയിലെ വി പി എസ് ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ ഞായറാഴ്ച രാത്രി 10.30ഓടെയായിരുന്നു നടന്റെ അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഹൃദയാഘാതവുമാണ് മരണ കാരണം. അസുഖം മൂര്‍ച്ഛിച്ചതോടെ പല അവയവങ്ങളും പ്രവര്‍ത്തനക്ഷമമല്ലാതായിരുന്നു. മാര്‍ച്ച് മൂന്നിനാണ് ഇന്നസെന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യ നില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് ഐസിയുവില്‍ നിന്ന് മുറിയിലേക്ക് മാറ്റിയിരുന്നെങ്കിലും നില വീണ്ടും ഗുരുതരമാകുകയായിരുന്നു. ഭാര്യ: ആലിസ്, മകന്‍: സോണറ്റ്.
മലയാളത്തിന്റെ ഹാസ്യ നായകന്മാരില്‍ ഒഴിച്ചുകൂടാനാകാത്ത വ്യക്തിത്വമാണ് ഇന്നസെന്റ്. മലയാളത്തിന് പുറമെ ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, കന്നഡ സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഹാസ്യ വേഷങ്ങളെ തന്മയത്വത്തോടെയും വഴക്കത്തോടെയും കൈകാര്യം ചെയ്ത നടനാണ് അദ്ദേഹം. 750ലധികം സിനിമകളില്‍ അഭിനയിച്ചു. മൂന്ന് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ഇന്നസെന്റിനെ തേടിയെത്തി. 'നൃത്തശാല' എന്ന സിനിമയിലൂടെ ആരംഭിച്ച താരം ഹാസ്യ വേഷങ്ങളിലും പിന്നീട് 'മഴവില്‍ക്കാവടി', 'പൊന്‍മുട്ടയിടുന്ന തറവ്', 'ഗാനമേള' തുടങ്ങിയ ചിത്രങ്ങളില്‍ വില്ലന്‍ വേഷങ്ങളിലും ശ്രദ്ധേയനായി. അഭിനയത്തിനോടൊപ്പം രാഷ്ട്രീയത്തിലും ഇന്നസെന്റ് സജീവ സാന്നിധ്യമായിരുന്നു. ചാലക്കുടി മണ്ഡലത്തെ പ്രതിനിധീകരിച്ച് ഇന്ത്യയുടെ പതിനാറാം ലോകസഭയില്‍ പാര്‍ലമെന്റ് അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1979ല്‍ ഇരിങ്ങാലക്കുട മുനിസിപ്പല്‍ കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടു. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലത്തില്‍ നിന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി (എല്‍ഡിഎഫ്) പിന്തുണച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഇന്നസെന്റ് വിജയിച്ചു. 2003 മുതല്‍ 2018 വരെ മലയാള സിനിമാ താരങ്ങളുടെ സംഘടനയായ 'അമ്മ' യുടെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. തന്റെ ഓര്‍മ്മകളെ ആസ്പദമാക്കി പുസ്തകങ്ങളും മാസികകളും ആത്മകഥയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന 'പാച്ചുവും അത്ഭുതവിളക്കും' എന്ന സിനിമയിലാണ് ഇന്നസെന്റ് അവസാനമായി വേഷമിട്ടത്. ചിത്രം റിലീസിന് തയാറെടുക്കുകയാണ്.