രാഹുല്‍ ഗാന്ധിക്കെതിരായ വിധി; കോണ്‍ഗ്രസ് അപ്പീലിന് ; മുതിര്‍ന്ന അഭിഭാഷകര്‍ തന്നെ രാഹുലിനായി എത്തും

രാഹുല്‍ ഗാന്ധിക്കെതിരായ വിധി; കോണ്‍ഗ്രസ് അപ്പീലിന് ; മുതിര്‍ന്ന അഭിഭാഷകര്‍ തന്നെ രാഹുലിനായി എത്തും
അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരനെന്ന് കണ്ടെത്തുകയും ശിക്ഷിക്കുകയും ചെയ്ത കോടതി വിധിക്കെതിരെ കോണ്‍ഗ്രസ് പാര്‍ട്ടി അപ്പീല്‍ നല്‍കും. ഇന്നോ നാളെയോ സൂറത്ത് സെഷന്‍സ് കോടതിയില്‍ പാര്‍ട്ടി അപ്പീല്‍ നല്‍കും. രാഹുലിനായി മുതിര്‍ന്ന അഭിഭാഷകര്‍ തന്നെ രംഗത്തിറങ്ങും. ഇതേ കേസില്‍ ഗുജറാത്ത് ഹൈക്കോടതിയില്‍നിന്ന് വിചാരണ ഘട്ടത്തില്‍ തിരിച്ചടിയേറ്റത് അഭിഭാഷക സംഘത്തിന് വെല്ലുവിളിയാണ്.

അതിനിടെ, ലോക്‌സഭാംഗത്വത്തില്‍ നിന്നും അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ രാഹുല്‍ ഗാന്ധി ട്വിറ്റര്‍ ബയോ മാറ്റി. ലോക്‌സഭ എംപി എന്നത് മാറ്റി 'അയോഗ്യനാക്കപ്പെട്ട എംപി' എന്നാണ് ഇപ്പോള്‍ ട്വിറ്റര്‍ ബയോയില്‍ രാഹുല്‍ ചേര്‍ത്തിരിക്കുന്നത്. തനിക്കെതിരായ നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് കോണ്‍ഗ്രസ് രാജ്യവ്യാപകമായി സത്യാഗ്രഹ സമരം നടത്തുമ്പോഴാണ് സോഷ്യല്‍ മീഡിയയിലൂടെയുള്ള രാഹുലിന്റെ ഈ പ്രതിഷേധം.ട്വിറ്ററില്‍ 23 മില്യണ്‍ ആളുകള്‍ പിന്തുടരുന്ന നേതാവാണ് രാഹുല്‍.

കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ഗാന്ധിജിയുടെ സമാധിസ്ഥലമായ രാജ്ഘട്ടില്‍ ഇന്നലെ സത്യാഗ്രഹം നടന്നിരുന്നു. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ നേതൃത്വത്തിലാണ് സത്യാഗ്രഹം നടത്തിയത്. പ്രിയങ്കാ ഗാന്ധി, കെ.സി.വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കുത്തു.

Other News in this category



4malayalees Recommends