പുല്‍വാമയിലുണ്ടായ ആക്രമണത്തില്‍ സിആര്‍പിഎഫിന് എന്തുകൊണ്ട് വിമാനം നല്‍കിയില്ല ? ; ജമ്മു കശ്മീര്‍ ഗവര്‍ണറായിരുന്ന സത്യപാല്‍ മാലികിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണ റിപ്പോര്‍ട്ട് തേടി കോണ്‍ഗ്രസ്

പുല്‍വാമയിലുണ്ടായ ആക്രമണത്തില്‍ സിആര്‍പിഎഫിന് എന്തുകൊണ്ട് വിമാനം നല്‍കിയില്ല ? ;  ജമ്മു കശ്മീര്‍ ഗവര്‍ണറായിരുന്ന സത്യപാല്‍ മാലികിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണ റിപ്പോര്‍ട്ട് തേടി കോണ്‍ഗ്രസ്
2019 ന്‍ പുല്‍വാമയിലുണ്ടായ ആക്രമണത്തില്‍ സിആര്‍പിഎഫിന് എന്തുകൊണ്ട് വിമാനം നല്‍കിയില്ലെന്ന് കോണ്‍ഗ്രസ്. അന്ന് ഭീകരാക്രമണ ഭീഷണി നിലനില്‍ക്കുന്നുണ്ടായിരുന്നു. എന്നിട്ട് എന്തുകൊണ്ടാണ് റോഡ് വഴിയുള്ള സഞ്ചാരത്തിന് സിആര്‍പിഎഫ് ജവാന്മാരെ നിര്‍ബന്ധിതരാക്കിയതെന്നും കോണ്‍ഗ്രസ് ചോദിച്ചു. 40 ജവാന്‍മാരാണ് അന്ന് മരിച്ചത്. സംഭവത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.കേന്ദ്ര സര്‍ക്കാര്‍ ജമ്മു കശ്മീര്‍ ഗവര്‍ണറായിരുന്ന സത്യപാല്‍ മാലിക് നടത്തിയ വെളിപ്പെടുത്തലില്‍ പ്രതികരിക്കണമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. ഇത് ദേശസുരക്ഷയെ ബാധിക്കുന്ന കാര്യമാണെന്നും സംഭവത്തില്‍ ഇനിയും ഇടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. സത്യപാല്‍ മാലിക്കിന്റേത് ഗൗരവകരമായ വെളിപ്പെടുത്തലാണെന്നും കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ജയറാം രമേശ് ആവശ്വപ്പെട്ടു. 'കുറവ് ഭരണം, പരമാവധി നിശബ്ദത എന്നതാണ് ബി.ജെ.പിയുടെ നയം. സത്യം മൂടിവെക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍, കോണ്‍ഗ്രസ് പിന്‍തിരിയില്ല. മുന്‍ ഗവര്‍ണറുടെ വെളിപ്പെടുത്തലില്‍ മോദി നിശബ്ദത വെടിയണം' ജയറാം രമേശ് പറഞ്ഞു.

കടുത്ത സുരക്ഷാ വീഴ്ചയാണ് പുല്‍വാമയില്‍ സംഭവിച്ചത് എന്ന് സത്യപാല്‍ മാലിക് പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനേയും അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ നിശ്ശബ്ദത പാലിക്കാനാണ് തനിക്ക് നിര്‍ദേശം കിട്ടിയത് എന്നായിരുന്നു സത്യപാല്‍ മാലിക്കിന്റെ വെളിപ്പെടുത്തല്‍. 'ജവാന്‍മാരെ കൊണ്ടുപോകുന്നതിനായി സിആര്‍പിഎഫ് എയര്‍ക്രാഫ്റ്റ് ആവശ്യപ്പെട്ടിരുന്നു. വലിയ സംഘം ജവാന്‍മാര്‍ സുരക്ഷാ കാരണങ്ങളാല്‍ റോഡ് മാര്‍ഗം പോകാറില്ല. എന്നാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിമാനങ്ങള്‍ വിട്ടു നല്‍കാന്‍ തയ്യാറായില്ല. ഇത് നമ്മുടെ ഭാഗത്തു നിന്നും സംഭവിച്ച വീഴ്ചയാണ്. ഇത് ഞാന്‍ പ്രധാനമന്ത്രിയോട് പറഞ്ഞു. നിങ്ങള്‍ ഇപ്പോള്‍ ഒന്നും മിണ്ടരുത് എന്നാണ് എനിക്ക് ലഭിച്ച നിര്‍ദേശം' സത്യപാല്‍ മാലിക് പറഞ്ഞു. 'രഹസ്യാന്വേഷണ ഏജന്‍സികളുടെ നൂറ് ശതമാനം പരാജയമാണ് ആക്രമണത്തിന് കാരണം. 300 കിലോഗ്രാം സ്‌ഫോടക വസ്തുക്കളുമായി ഒരു കാര്‍ പത്ത് പന്ത്രണ്ട് ദിവസങ്ങളായി ഒരു ഗ്രാമത്തില്‍ ചുറ്റിത്തിരിഞ്ഞത് അന്വേഷണ ഏജന്‍സികളൊന്നും അറിഞ്ഞില്ല. ഇക്കാര്യം അജിത് ഡോവലിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം ഇത് അരോടും പറയരുത് എന്നാണ് ആവശ്യപ്പെട്ടത്' സത്യപാല്‍ മാലിക് വെളിപ്പെടുത്തി

Other News in this category



4malayalees Recommends