യുകെയില്‍ അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം പിടിച്ച് നിര്‍ത്താന്‍ പ്രൈസ് ക്യാപ് നിശ്ചയിക്കാനൊരുങ്ങി സര്‍ക്കാര്‍; ബ്രെഡ്, പാല്‍ പോലുള്ള ബേസിക് ഫുഡ് ഐറ്റങ്ങളുടെ വിലകള്‍ക്ക് സൂപ്പര്‍മാര്‍ക്കറ്റുകളുമായി ചേര്‍ന്ന് പരിധി നിശ്ചയിക്കും

യുകെയില്‍ അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം പിടിച്ച് നിര്‍ത്താന്‍ പ്രൈസ് ക്യാപ് നിശ്ചയിക്കാനൊരുങ്ങി സര്‍ക്കാര്‍; ബ്രെഡ്, പാല്‍ പോലുള്ള ബേസിക് ഫുഡ് ഐറ്റങ്ങളുടെ വിലകള്‍ക്ക് സൂപ്പര്‍മാര്‍ക്കറ്റുകളുമായി ചേര്‍ന്ന് പരിധി നിശ്ചയിക്കും
യുകെയിലെ അവശ്യസാധനങ്ങളുടെ വിലകള്‍ കുതിച്ച് കയറുന്ന സാഹചര്യത്തില്‍ അതിന് നിയന്ത്രണം വരുത്താനുള്ള ശ്രമവുമായി സര്‍ക്കാര്‍ രംഗത്തെത്തി. ഇത് പ്രകാരം അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തിന് പരിധി അഥവാ പ്രൈസ് ക്യാപ് നടപ്പിലാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ സൂപ്പര്‍മാര്‍ക്കറ്റുകളുമായി ചര്‍ച്ച നടത്തും. രാജ്യത്ത് ജീവിതച്ചെലവുകള്‍ അനുദിനം കുതിച്ചുയര്‍ന്ന് ജനജീവിതം ദുരിതമയമായിക്കൊണ്ടിരിക്കുന്നതിനിടയിലാണ് വിലക്കയറ്റം പിടിച്ച് നിര്‍ത്താന്‍ ഗവണ്‍മെന്റ് മുന്നോട്ട് വന്നിരിക്കുന്നത്.

ബ്രെഡ് , പാല്‍ പോലുള്ള അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ വിലകള്‍ പിടിച്ച് നിര്‍ത്തുന്നതിനായി പ്രധാനപ്പെട്ട റീട്ടെയിലര്‍മാരുമായി ഒരു വളണ്ടറി അഗ്രിമെന്റ് ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഏപ്രില്‍ വരെയുള്ള ഒരു വര്‍ഷത്തിനിടെ ഭക്ഷ്യവിലകളില്‍ 19.1 ശതമാനം പെരുപ്പമാണുണ്ടായിരിക്കുന്നത്. 45 വര്‍ഷത്തിനിടെ രാജ്യത്തുണ്ടായിരിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ ഏറ്റവും വലിയ രണ്ടാമത്തെ വിലക്കയറ്റമാണിത്. എന്നാല്‍ നിര്‍ബന്ധിതമായി പ്രൈസ് ക്യാപ് നടപ്പിലാക്കുന്നതിനുള്ള യാതൊരു നീക്കവുമില്ലെന്നാണ് ഡൗണിംഗ് സ്ട്രീറ്റ് വ്യക്തമാക്കിയിരിക്കുന്നത്.

ഭക്ഷ്യോല്‍പന്നങ്ങള്‍ക്ക് പ്രൈസ് ക്യാപ് നടപ്പിലാക്കുന്നതിനെ കുറിച്ചുള്ള ആലോചന പ്രാരംഭഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ട്. ഇത് പ്രകാരം ഏതൊക്കെ ഐറ്റങ്ങള്‍ക്കാണ് തങ്ങള്‍ക്ക് വില കുറയ്ക്കാന്‍ സാധിക്കുകയെന്ന കാര്യത്തില്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് തീരുമാനമെടുക്കാം. ഫ്രാന്‍സില്‍ ഇത്തരമൊരു പദ്ധതി നടപ്പിലാക്കിയത് ഇതിനുള്ള മാതൃകയായി എടുത്ത് കാട്ടപ്പെടുന്നുണ്ട്. ഇക്കാര്യത്തില്‍ എത്തരത്തിലാണ് ഒത്ത് ചേര്‍ന്ന് പ്രവര്‍ത്തിക്കാമെന്ന കാര്യത്തില്‍ സൂപ്പര്‍മാര്‍ക്കറ്റുകളുമായി ക്രിയാത്മക ചര്‍ച്ചകളാണ് നടത്തുകയെന്നാണ് ഹെല്‍ത്ത് സെക്രട്ടറി സ്റ്റീവ് ബാര്‍ക്ലേ ബിബിസിയോട് വെളിപ്പെടുത്തിയിട്ടുണ്ട്.

വിലക്കയറ്റം മൂലം കടുത്ത സമ്മര്‍ദമനുഭവിക്കുന്ന സപ്ലയര്‍മാരെയും സംരക്ഷിച്ച് കൊണ്ട് മാത്രമേ ഇത്തരത്തില്‍ പ്രൈസ് ക്യാപ് നടപ്പിലാക്കുകയുള്ളുവെന്നും ബാര്‍ക്ലേ ഉറപ്പേകുന്നു. എന്നാല്‍ ഇത്തരത്തില്‍ 1970ല്‍ നടപ്പിലാക്കിയത് പോലുള്ള വില നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്നതിന് പകരം സര്‍ക്കാര്‍ ചുവപ്പ് നാടയെ ഇല്ലാതാക്കുകയാണ് ചെയ്യേണ്ടതെന്ന് ദി ബ്രിട്ടീഷ് റീട്ടെയില്‍ കണ്‍സോര്‍ഷ്യം അഭിപ്രായപ്പെടുന്നു. എനര്‍ജി, ട്രാന്‍സ്പോര്‍ട്ട്, എന്നിവയുടെ നിരക്കുകള്‍ വര്‍ധിക്കുകയും തൊഴിലാളികളുടെ കൂലിയേറുകയും ഫുഡ് മാനുഫാക്ചര്‍മാര്‍ക്കും കര്‍ഷകര്‍ക്കും കൂടുതല്‍ പണം ഭക്ഷ്യോല്‍പന്ന വിലയായി നല്‍കേണ്ടി വരുകയും ചെയ്യുന്നതിനാലാണ് ഭക്ഷ്യോല്‍പന്നങ്ങളുടെ വില കുതിച്ച് കയറുന്നതെന്നും ഇവയ്ക്ക് പരിഹാരം കാണുകയാണ് സര്‍ക്കാര്‍ ആദ്യമായി ചെയ്യേണ്ടതെന്നും ദി ബ്രിട്ടീഷ് റീട്ടെയില്‍ കണ്‍സോര്‍ഷ്യം ആവശ്യപ്പെടുന്നു.

Other News in this category4malayalees Recommends