പിതാവിന്റെ മരണ വിവരം ആണ്‍ മക്കള്‍ അറിഞ്ഞാല്‍ സ്വത്തിന് വേണ്ടി തര്‍ക്കമുണ്ടാവുമെന്ന് ഭയന്ന് ഭര്‍ത്താവിനെ വീട്ടിനുള്ളില്‍ തന്നെ ദഹിപ്പിച്ച് ഭാര്യ. ആന്ധ്ര പ്രദേശിലെ കുര്‍ണൂലിലെ പട്ടിക്കോണ്ടയിലാണ് സംഭവം. തിങ്കളാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം നടക്കുന്നത്. രണ്ട് ആണ്‍മക്കളും ഏറെ കാലമായി മാതാപിതാക്കളെ അന്വേഷിക്കുകയോ സംരക്ഷിക്കുകയോ ചെയ്യാറില്ലെന്നാണ് കുര്‍ണൂല്‍ സ്വദേശിയായ ലളിത പൊലീസിനോട് വിശദമാക്കിയത്.
അറുപതുകാരനായ ഭര്‍ത്താവ് ഹരികൃഷ്ണ പ്രസാദ് ഏറെക്കാലമായി അസുഖ ബാധിതനായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഹരിപ്രസാദം മരിച്ചതെന്നാണ് ലളിത പൊലീസിനോട് വിശദമാക്കിയത്. മക്കള്‍ അറിഞ്ഞാല്‍ സ്വത്തിന് വേണ്ടി കലഹമുണ്ടാവുമെന്നും തന്നെ പുറത്താക്കുമെന്നും ഭയം തോന്നിയ ലളിത ബന്ധുക്കളെ പോലും വിവരം അറിയിക്കാതെ ഹരിപ്രസാദിന്റെ മൃതദേഹം വീട്ടിനുള്ളില്‍ തന്നെ ദഹിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അയല്‍വീട്ടില്‍ നിന്ന് വലിയ രീതിയില്‍ പുക ഉയരുന്നത് ശ്രദ്ധിച്ച നാട്ടുകാരാണ് സംഭവം പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. പൊലീസ് സ്ഥലത്തെത്തിയപ്പോഴാണ് ഭര്‍ത്താവിന്റെ സംസ്‌കാരം നടക്കുന്നതായി ലളിത വിശദമാക്കിയത്.
കുര്‍ണൂലില്‍ ഫാര്‍മസി നടത്തിക്കൊണ്ടിരുന്ന ഹരിപ്രസാദിനും ലളിതയ്ക്കും രണ്ട് മക്കളാണ് ഉള്ളത്. മൂത്തയാള്‍ കുര്‍ണൂലിലെ തന്നെ സ്വകാര്യ ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്. ഇളയ മകന്‍ കാനഡയിലാണ് താമസിക്കുന്നത്. മക്കള്‍ സ്വത്ത് ആവശ്യപ്പെട്ട് മാത്രമാണ് വീട്ടിലേക്ക് വരാറുണ്ടായിരുന്നതെന്നും ലളിത പൊലീസിനോട് വിശദമാക്കി. വീട്ടിലുണ്ടായിരുന്ന പേപ്പറുകളും കാര്‍ഡ് ബോര്‍ഡുകളും വച്ചാണ് ഹരിപ്രസാദിന്റെ മൃതദേഹം സംസ്‌കരിക്കാന്‍ ലളിത ശ്രമിച്ചത്.
അയല്‍ക്കാര്‍ വിവരം അറിയിച്ചതിനേ തുടര്‍ന്ന് പൊലീസ് സംഭവ സ്ഥലത്ത് എത്തിയപ്പോഴേയ്ക്കും മൃതദേഹം 80 ശതമാനത്തോളം അഗ്‌നിക്കിരയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹൃദയാഘാതം നേരിട്ട ഹരിപ്രസാദ് ഏറെ നാളായി കിടപ്പിലായിരുന്നു. ഇതിന് പിന്നാലെ ലളിതയായിരുന്നു ഫാര്‍മസി നടത്തിയിരുന്നത്. ഇവര്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടോയെന്ന് പരിശോധിക്കുമെന്നും പൊലീസ് വിശദമാക്കി.