AIC പൊതുയോഗവും എംവി ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് സ്വീകരണവും സൗത്താളില്‍ സംഘടിപ്പിച്ചു

AIC പൊതുയോഗവും എംവി ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് സ്വീകരണവും സൗത്താളില്‍ സംഘടിപ്പിച്ചു
സിപിഐഎം അന്താരാഷ്ട്ര ഘടകമായ അസ്സോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്‌സ് (AIC) , ലണ്ടനിലെ സൗത്താളില്‍ പാര്‍ട്ടി കേരള സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ എംവി ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് സ്വീകരണം നല്‍കി. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ പങ്കെടുത്ത വന്‍ ജനാവലിയെ ഗോവിന്ദന്‍ മാസ്റ്റര്‍ അഭിസംബോധന ചെയ്തു സംസാരിച്ചു.

എഐസിയും ബഹുജന കലാസാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (IWA) , കൈരളി യുകെ , പ്രോഗ്രസ്സിവ് റൈറ്റേഴ്‌സ് അസോസിയേഷന്‍ , SFI സംഘടനകള്‍ ചേര്‍ന്നാണ് കേരള വികസനവും പ്രവാസി സമൂഹവും എന്ന വിഷയത്തില്‍ സെമിനാറും പൊതു സമ്മേളനവും സംഘടിപ്പിച്ചത്.

കേരളത്തിന്റെ വികസനത്തിന്റെ നാള്‍വഴികളെക്കുറിച്ചും ഇന്ത്യയിലെ പൊതുസംഭവവികാസങ്ങളും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വേറിട്ട് കേരളത്തിന്റെ മുന്നേറ്റവും ഗോവിന്ദന്‍മാസ്റ്റര്‍ തന്റെ പ്രഭാഷണത്തില്‍ വിശദീകരിച്ചു. കേരളവികസനത്തില്‍ പ്രവാസിസമൂഹത്തിന്റെ പങ്കു വളരെ വലുതാണെന്നും കേരളത്തിന്റെ വികസനത്തിനും നവകേരളനിര്‍മ്മിതിയ്ക്കും യുകെയിലെ പ്രവാസിസമൂഹം തുടര്‍ന്നും അണിചേരണമെന്നു അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

AIC സെക്രട്ടറി ഹര്‍സെവ് ബെയ്ന്‍സ് , ബ്രിട്ടീഷ് എംപി യും ലേബര്‍ പാര്‍ട്ടി നേതാവുമായ വിരേന്ദര്‍ ശര്‍മ്മ , IWA(GB) സെക്രട്ടറി ലിയോസ് പോള്‍ , കൈരളി സെക്രട്ടറി കുര്യന്‍ ജേക്കബ് , മലയാളം മിഷന്‍നെ പ്രതിനിധീകരിച്ചു മുരളി വെട്ടത്ത് , SFI UK പ്രസിഡന്റ് ശ്വേത , പ്രവാസി കേരളാ കോണ്‍ഗ്രസ്സ് നേതാവ് ജിജോ അരയത്ത് തുടങ്ങിയവര്‍ സംസാരിച്ച ചടങ്ങില്‍ കൈരളി പ്രസിഡന്റ് പ്രിയ രാജന്‍ സ്വാഗതം ആശംസിച്ചു.

ചടങ്ങില്‍ AICയുടെ ഉപഹാരം പ്രീത് ബെയിന്‍സ് ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് കൈമാറി. SFI UK എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം രഞ്ജിത്ത് രാജന്‍ കോംപയറിങ്ങും, AIC എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം ആഷിക്ക് മുഹമ്മദ് നാസര്‍ പ്രഭാഷണത്തിന്റെ സംഗ്രഹവും അവതരിപ്പിച്ചു.

വിവിധ വിഷയങ്ങള്‍ ആസ്പദമാക്കി പ്രവാസിസംഘടനകള്‍ നല്‍കിയ നിവേദനങ്ങള്‍ ഗോവിന്ദന്‍ മാസ്റ്റര്‍ സ്വീകരിച്ചു.

ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് സുജ ജോസഫ് നന്ദി പ്രകാശിപ്പിച്ചു .


Other News in this category



4malayalees Recommends