കാനഡയില്‍ 24 കാരനായ മകന്‍ ദാരുണമായി കൊല്ലപ്പെട്ടതില്‍ മനം നൊന്ത് പഞ്ചാബില്‍ അമ്മ ജീവനൊടുക്കി

കാനഡയില്‍ 24 കാരനായ മകന്‍ ദാരുണമായി കൊല്ലപ്പെട്ടതില്‍ മനം നൊന്ത് പഞ്ചാബില്‍ അമ്മ ജീവനൊടുക്കി
കാനഡയില്‍ അതിദാരുണമായി മകന്‍ കൊല്ലപ്പെട്ടതില്‍ മനംനൊന്ത് പഞ്ചാബില്‍ അമ്മ ജീവനൊടുക്കി. പഞ്ചാബിലെ നവാന്‍ഷഹര്‍ ജില്ലയിലെ കരിംപൂര്‍ ചൗള ഗ്രാമത്തിലുള്ള നരീന്ദര്‍ കൗര്‍ എന്ന സ്ത്രീയാണ് ജീവനൊടുക്കിയത്. രണ്ടാഴ്ച്ച മുമ്പാണ് നരീന്ദറിന്റെ മകന്‍ ഗുര്‍വീന്ദര്‍ നാഥ് (24) കാനഡയില്‍ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടത്.

ഗുര്‍വീന്ദറിന്റെ മരണത്തില്‍ കാനഡയില്‍ പ്രതിഷേധം ശക്തമാകുന്നതിനിടയിലാണ് പഞ്ചാബില്‍ അമ്മയുടെ ആത്മഹത്യ. കാനഡയില്‍ വിദ്യാര്‍ത്ഥിയായിരുന്ന ഗുര്‍വീന്ദര്‍ നാഥ് പാര്‍ട്ട് ടൈം ആയി പിസ്സ ഡെലിവറി ബോയ് ആയി ജോലി ചെയ്തിരുന്നു. ജുലൈ 9 ന് ജോലിക്കിടയിലാണ് വിദ്യാര്‍ത്ഥി ആക്രമണത്തിന് ഇരയായത്.

അഞ്ച് ദിവസം ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ ഗുര്‍വീന്ദര്‍ ജുലൈ 14 ന് മരണപ്പെടുകയായിരുന്നു. ഗുര്‍വീന്ദറിന്റെ മരണം മാതാവിനെ അറിയിച്ചിരുന്നില്ല. വെള്ളിയാഴ്ച്ച മൃതദേഹം നാട്ടിലെത്തുന്നതിന് തൊട്ടു മുമ്പ് മാത്രമാണ് ഇവര്‍ വിവരം അറിയുന്നത്. മകന്റെ മരണ വാര്‍ത്ത താങ്ങാനാകാതെ ഇവര്‍ വിഷം കഴിച്ച് മരിക്കുകയായിരുന്നു.

ജുലൈ 9ന് കാനഡയിലെ മിസിസാഗയില്‍ പുലര്‍ച്ചെ 2.10 ഓടെയാണ് ഗുര്‍വീന്ദര്‍ ആക്രമിക്കപ്പെട്ടത്. പിസ്സ ഓര്‍ഡര്‍ ഡെലിവെറിക്ക് എത്തിയ ഗുര്‍വീന്ദറിനെ അജ്ഞാതനായ ആള്‍ വാഹനം തട്ടിയെടുക്കാനായി ആക്രമിച്ചുവെന്നാണ് റിപ്പോര്‍ട്ട്. നേരത്തേ തയ്യാറാക്കിയ പദ്ധതി പ്രകാരം പിസ്സ ഓര്‍ഡര്‍ ചെയ്ത് ആക്രമിക്കുകയായിരുന്നുവെന്നും സംശയിക്കുന്നുണ്ട്

ആക്രമണത്തില്‍ ഗുര്‍വീന്ദറിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ജുലൈ 14 ന് ചികിത്സയിലിരിക്കേയാണ് മരണം സംഭവിച്ചത്.

Other News in this category4malayalees Recommends