കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോവിനെയും സംഘത്തെയും ഇന്ത്യയില്‍ നിന്ന് കൊണ്ടു വരാന്‍ പുതിയ വിമാനം യാത്രയാരംഭിച്ചു; ദൗത്യമേല്‍പ്പിച്ചത് ബാക്കപ്പ് എയര്‍ബസ് സിഎഫ്002വിനെ; സാങ്കേതിക പ്രശ്‌നം മൂലം ആദ്യവിമാനം ദല്‍ഹിയില്‍ പെട്ടു പോയി
ഇന്ത്യയില്‍ ജി20 സമ്മിറ്റിന് പോയി അവിടെ പെട്ട് പോയ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോവിനെയും കനേഡിയന്‍ ഡെലിഗേഷന്‍ സംഘത്തെയും തിരിച്ച് കൊണ്ടു വരുന്നതിനായി കാനഡയില്‍ നിന്ന് പകരം വിമാനം പുറപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. ഇന്നലെ രാത്രി തന്നെ ട്രൂഡോവും സംഘവും ഇന്ത്യയില്‍ നിന്ന് പുറപ്പെടാനൊരുങ്ങിയതാണെങ്കിലും അവരുടെ വിമാനത്തിന് സാങ്കേതിക തകരാറുണ്ടായതിനെ തുടര്‍ന്ന് അവസാന നിമിഷത്തില്‍ യാത്ര നിര്‍ത്തി വയ്ക്കാന്‍ നിര്‍ബന്ധിതമാവുകയായിരുന്നു. ഇവരെ കൊണ്ടു വരാനായി ബാക്കപ്പ് എയര്‍ബസ് സിഎഫ്002 ഇന്ത്യയിലേക്ക് പുറപ്പെട്ടുവെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചിരിക്കുന്നത്.
ജി20 സമ്മിറ്റിന് ശേഷം ട്രൂഡോയും സംഘവും ഇന്നലെ രാത്രി ന്യൂദല്‍ഹിയില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പ് പ്രീഫ്‌ലൈറ്റ് ചെക്ക് നടത്തിയ കനേഡിയന്‍ ആംഡ് ഫോഴ്‌സസ് വിമാനത്തിന് സാങ്കേതിക തകരാറ് കണ്ടെത്തിയതിനെ തുടര്‍ന്ന് സിഎഫ്001 വിമാനത്തിന്റെ യാത്രക്ക് അനുമതി നിഷേധിക്കുകയായിരുന്നു.രാത്രി മുഴുവന്‍ ശ്രമിച്ചിട്ടും തകരാറ് പരിഹരിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് കാനഡ പകരം വിമാനമയച്ചിരിക്കുന്നത്. വിമാനത്തിന്റെ ഒരു കമ്പോണന്റ് മാറ്റി വച്ചാല്‍ മാത്രമേ പ്രശ്‌നം പരിഹരിക്കപ്പെടുകയുള്ളുവെന്നാണ് ദി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് നാഷണല്‍ ഡിഫെന്‍സ് സ്ഥിരീകരിച്ചിരിക്കുന്നത്.
ഇന്നലെ ട്രൂഡോവിന്റെ വിമാനം മുടങ്ങിയ വിവരം മിനിസ്ട്രി ഓഫ് എക്സ്റ്റേണല്‍ അഫയേര്‍സ് കനേഡിയന്‍ ഹൈക്കമ്മീഷനെ ഔദ്യോഗികമായി അറിയിച്ചിരുന്നു.അപ്രതീക്ഷിതമായുണ്ടായ യാത്രാ തടസ്സത്തെ തുടര്‍ന്ന് ഡെലിഗേഷന്‍ സംഘത്തിന് താമസസ്ഥലത്തേക്ക് പോകുന്നതിന് അത്യാവശ്യമായി വാഹനങ്ങളും എയര്‍ക്രൂ സെക്യൂരിറ്റി ഓഫീസര്‍മാരെയും ലഭ്യമാക്കാന്‍ തങ്ങള്‍ മിനിസ്ട്രി ഓഫ് എക്സ്റ്റേണല്‍ അഫയേര്‍സിനോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് ഒഫീഷ്യലുകള്‍ പറയുന്നത്. ഇന്ത്യയിലെത്തിയ ട്രൂഡോ ബറാഖംബ റോഡിലെ ലളിത് ഹോട്ടലിലാണ് താമസിച്ചിരുന്നത്.