ക്യൂന്‍സ്ലാന്‍ഡില്‍ വിവിധ പ്രദേശങ്ങളില്‍ കടുത്ത ബുഷ് ഫയര്‍ ഭീഷണി; മൈല്‍സിലേക്ക് ബുഷ് ഫയര്‍ ഏത് നിമിഷവുമെത്താവുന്ന സ്ഥിതിയായതിനാല്‍ പ്രദേശവാസികളോട് വീട് വിടാന്‍ നിര്‍ദേശം; ജുലാന്‍ഗോയിലും ബറം കോസ്റ്റ് നാഷണല്‍ പാര്‍ക്കിലും തീപിടിത്തം
ക്യൂന്‍സ്ലാന്‍ഡില്‍ വിവിധ പ്രദേശങ്ങളില്‍ കടുത്ത ബുഷ് ഫയര്‍ ഭീഷണിയെന്ന് മുന്നറിയിപ്പ് . ക്യൂന്‍സ്ലാന്‍ഡിലെ മൈല്‍സ് ടൗണില്‍ കടുത്ത ബുഷ് ഫയര്‍ ഭീഷണിയുണ്ടായതിനെ തുടര്‍ന്ന് ഇവിടുത്തുകാരോട് വീടുകളില്‍ നിന്ന് എത്രയും വേഗം മാറിത്താമസിക്കാനുള്ള മുന്നറിയിപ്പേകി അധികൃതര്‍ രംഗത്തെത്തി. ശനിയാഴ്ച അയ്ട്ടന്‍ റോഡില്‍ ഒരു ബുഷ്ഫയര്‍ കത്തിപ്പടര്‍ന്നതിനെ തുടര്‍ന്നാണ് ക്യൂന്‍സ്ലാന്‍ഡ് ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി ഈ കടുത്ത മുന്നറിയിപ്പേകിയിരിക്കുന്നത്. ടൂവൂംബയില്‍ നിന്ന് 200 കിലോമീറ്റര്‍ പടിഞ്ഞാറ് മാറിയുള്ള പട്ടണമാണ് മൈല്‍സ്.
വേഗത്തില്‍ കത്തിപ്പടരുന്ന ബുഷ് ഫയര്‍ പിനെ റിഡ്ജ് റോഡിലേക്കെത്തിയിരിക്കുന്നുവെന്നും അതിനാല്‍ മൈല്‍സ് ടൗണിലുള്ളവര്‍ എത്രയും വേഗം വീടുകളില്‍ നിന്ന് ഒഴിയണമെന്നുമാണീ മുന്നറിയിപ്പ്.ശനിയാഴ്ച ഉച്ചക്ക് 1.38നാണ് ഈ മുന്നറിയിപ്പുയര്‍ത്തിയിരിക്കുന്നത്. ഇതിനിടെ തങ്ങളുടെ ബുഷ് ഫയര്‍ സര്‍വൈവല്‍ പ്ലാന്‍ തയ്യാറാക്കണമെന്നും ക്യൂന്‍സ്ലാന്‍ഡ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ മൈല്‍സിലുള്ളവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യമുള്ള മരുന്നുകള്‍,അത്യാവശ്യസാധനങ്ങള്‍, തുടങ്ങിയവ പായ്ക്കാക്കി വയ്ക്കണമെന്നും പട്ടികള്‍, പൂച്ചകള്‍ പോലുള്ള പെറ്റ്‌സുകളെ അപകടസ്ഥലത്ത് നിന്ന് എത്രയും വേഗം നീക്കാന്‍ തയ്യാറാക്കി നിര്‍ത്തണമെന്നും ഏത് നിമിഷവും ബുഷ് ഫയര്‍ ഇവിടേക്ക് കത്തിപ്പടരാവുന്ന അവസ്ഥയിലായിരിക്കുന്നുവെന്നുമാണ് ഫയര്‍ സര്‍വീസ് മുന്നറിയിപ്പേകിയിരിക്കുന്നത്.
ബുഷ് ഫയര്‍ കത്തിപ്പടരുന്നതിന് സമീപത്ത്‌പോലും വാഹനങ്ങളുമായി പോകരുതെന്നും പൊതുജനത്തിന് കടുത്ത നിര്‍ദേശം നല്‍കിയിട്ടുണ്ട്. നോര്‍ത്ത് ക്യൂന്‍സ്ലാന്‍ഡിലെ ടൗണ്‍സ് വില്ലെയ്ക്ക് 15 കിലോമീറ്റര്‍ തെക്കുള്ള ജുലാന്‍ഗോയില്‍ ഉച്ചക്ക് കത്തിപ്പടര്‍ന്ന തീ അണക്കുന്നതിനായി ഫയര്‍ ഫൈറ്റിംഗ് എയര്‍ക്രാഫ്റ്റിനെ വിളിച്ച് വരുത്തിയിരുന്നു. ക്യൂന്‍സ്ലാന്‍ഡിന്റെ കിഴക്കന്‍ തീരത്ത് ബുന്‍ഡബെര്‍ഗിന് 30 കിലോമീറ്റര്‍ തെക്കുള്ള ബറം കോസ്റ്റ് നാഷണല്‍ പാര്‍ക്കിലും മറ്റൊരു തീപിടിത്തം കത്തിപ്പടരാന്‍ തുടങ്ങിയിട്ടുണ്ടെന്നാണ് ക്യൂന്‍സ്ലാന്‍ഡ് ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസസ് മുന്നറിയിപ്പേകിയിട്ടുണ്ട്.