ഇന്ത്യയിലെ ജമ്മു കാശ്മീരിലേക്ക് യാതൊരു വിധത്തിലും യാത്ര ചെയ്യരുതെന്ന് കനേഡിയന്‍ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പേകിയ കാനഡ ഗവണ്‍മെന്റ് രംഗത്തെത്തി. ജമ്മു കാശ്മീരില്‍ യാതൊരു വിധത്തിലുള്ള സുരക്ഷിതത്വവുമില്ലെന്നും ഏത് സമയവും ആക്രമിക്കപ്പെട്ടേക്കാമെന്നുമാണ് കാനഡയിലെ ട്രൂഡോ ഗവണ്‍മെന്റ് പൗരന്‍മാര്‍ക്ക് മുന്നറിയിപ്പേകിയിരിക്കുന്നത്. കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ വഷളാകുന്ന സാഹചര്യത്തില്‍ കാനഡ നല്‍കിയ ഈ മുന്നറിയിപ്പിനെ ഇന്ത്യ ഏറെ ഗൗരവത്തോടെയാണ് കണ്ടിരിക്കുന്നത്.
ചൊവ്വാഴ്ച പൗരന്മാര്‍ക്കുള്ള ട്രാവല്‍ അഡൈ്വസറി അപ്‌ഡേറ്റ് ചെയ്തു കൊണ്ടാണ് കാനഡ പുതിയ മുന്നറിയിപ്പേകിയിരിക്കുന്നത്. ജമ്മു കാശ്മീരില്‍ തികച്ചും പ്രവചനാതീതമായ അനിശ്ചിതാവസ്ഥയാണുളളതെന്നാണ് ട്രൂഡോ സര്‍ക്കാര്‍ ഇന്ത്യയെ അധിക്ഷേപിക്കുന്ന വിധത്തില്‍ പൗരന്‍മാര്‍ക്ക് താക്കീതേകിയിരിക്കുന്നത്.ജൂണില്‍ കാനഡയില്‍ വച്ച് ഖലിസ്ഥാന്‍ തീവ്രവാദ നേതാവ് ഹര്‍ദീപ് സിംഗ് നിജാറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യയാണെന്ന് ട്രൂഡോ ഗവണ്‍മെന്റ് ആരോപിച്ചതിനെ തുടര്‍ന്ന് ഇന്ത്യയും കാനഡയും തമ്മിലുളള ബന്ധങ്ങള്‍ മുമ്പില്ലാത്ത വിധത്തില്‍ വഷളായിരിക്കുകയാണ്.ജമ്മു കാശ്മീരില്‍ തീവ്രവാദം, സൈന്യത്തിന്റെ അധീശത്വം, ജനങ്ങളുടെ പ്രക്ഷുബ്ധത, തട്ടിക്കൊണ്ട് പോകല്‍, തുടങ്ങിയ ഭീകരാവസ്ഥകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുവെന്നും അതിനാല്‍ അവിടേക്ക് പോകരുതെന്നുമാണ് കാനഡ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പേകിയിരിക്കുന്നത്.
എന്നാല്‍ യൂണിയന്‍ ടെറിട്ടറിയായ ലഡാക്കിനെ ഈ മുന്നറിയിപ്പില്‍ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്. കാനഡയുടെ ആരോപണത്തെ തുടര്‍ന്ന് കാനഡ രാജ്യത്ത് നിന്ന് ഇന്ത്യന്‍ ഇന്റലിജന്‍സ് ഒഫീഷ്യലിനോട് രാജ്യം വിട്ട്‌പോകാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയെന്നോണം കനേഡിയന്‍ ഡിപ്ലോമാറ്റിനോട് ന്യൂ ദല്‍ഹി വിട്ട് പോകാന്‍ ഇന്ത്യയും ആവശ്യപ്പെട്ടിട്ടുണ്ട്.ജൂണ്‍ 18ന് നിജാറിനെ വധിച്ചതില്‍ ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന് തിങ്കളാഴ്ചയായിരുന്നു കാനഡ ആരോപിച്ചത്. ഈ ആരോപണം ഇന്ത്യ ഗൗരവകരമായെടുക്കണമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ തുടര്‍ന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കാനഡയുടെ ആരോപണം തികച്ചും അസംബന്ധമാണെന്നാണ് ഇന്ത്യയിലെ നരേന്ദ്ര മോഡി ഗവണ്‍മെന്റ് പ്രതികരിച്ചിരിക്കുന്നത്.