ജൂണില്‍ കാനഡയില്‍ വച്ച് ഖലിസ്ഥാന്‍ തീവ്രവാദ നേതാവ് ഹര്‍ദീപ് സിംഗ് നിജാറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യയാണെന്ന കാനഡയിലെ ട്രൂഡോ ഗവണ്‍മെന്റിന്റെ ആരോപണത്തില്‍ ആശങ്ക പ്രകടിപ്പിച്ച് യുഎസ് രംഗത്തെത്തി. ഇന്ന് രാവിലെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യക്കെതിരെ നടത്തിയ ആരോപണം പരിഗണിച്ച് ഈ സംഭവത്തില്‍ യുഎസ് കടുത്ത ആശങ്ക രേഖപ്പെടുത്തുന്നുവെന്നാണ് വൈറ്റ്ഹൗസ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വക്താവായ അഡ്രിയെന്നെ വാട്‌സന്‍ പറഞ്ഞിരിക്കുന്നതെന്നാണ് എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കാനഡ ഇത് സംബന്ധിച്ച അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പ്രതികളെ നീതിപീഠത്തിന് മുന്നില്‍ കൊണ്ടു വരുമെന്നും ഇത് സംബന്ധിച്ച് തങ്ങളുടെ കനേഡിയന്‍ പാര്‍ട്ണര്‍മാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നുമാണ് വാട്‌സന്‍ തന്റെ പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചിരിക്കുന്നത്. നിജാറിന്റെ കൊലയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മുതിര്‍ന്ന ഇന്ത്യന്‍ ഡിപ്ലോമാറ്റിനെ കാനഡയില്‍ നിന്ന് പുറത്താക്കിയെന്ന് കനേഡിയന്‍ വിദേശകാര്യ മന്ത്രി മെലാനി ജോളി പ്രഖ്യാപനം നടത്തുകയും ചെയ്തിരുന്നു.
നിജാറിന്റെ കൊലയ്ക്ക് പുറകില്‍ ഇന്ത്യയാണെന്ന ആശങ്ക ട്രൂഡോ യുഎസ് പ്രസിഡന്റ് ജോ ബൈഡന് മുമ്പിലും യുകെ പ്രധാനമന്ത്രി സുനകിന്റെ മുമ്പിലും പ്രകടിപ്പിച്ചിട്ടുണ്ടെന്നും ജോളി വെളിപ്പെടുത്തിയിട്ടുണ്ട്. കാനഡയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയും പ്രസ്താവന പുറത്തിറക്കിയിട്ടുമുണ്ട്. കാനഡയുടെ മണ്ണില്‍ സമീപകാലത്തായി ഇന്ത്യാ വിരുദ്ധവികാരം ശക്തിപ്പെടുന്നത് അനുവദിച്ച് കൊടുക്കരുതെന്ന് ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ ട്രൂഡോവിനോട് ഇന്ത്യന്‍പ്രധാനമന്ത്രി മോഡി ശക്തമായി ആവശ്യപ്പെട്ടത് കാനഡക്ക് അസംതൃപ്തിയുണ്ടാക്കിയിരുന്നു.