ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രീ.... മോഡിയെ ബോസ് എന്ന് വിളിച്ചതില്‍ ഖേദമുണ്ടോ...? തന്നോട് പൊട്ടച്ചോദ്യം ചോദിച്ച റിപ്പോര്‍ട്ടറുടെ വായടപ്പിച്ച് ആല്‍ബനീസ്; താന്‍ ക്ഷണിച്ചിട്ടാണ് മോഡി വന്നതെന്നും അതിനാല്‍ ഹൃദ്യമായി സ്വാഗതം ചെയ്തുവെന്നും ആല്‍ബനീസ്
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ബോസ് എന്ന് വിളിച്ചതില്‍ പശ്ചാത്തപിക്കുന്നുവോയെന്ന ചോദ്യം ചോദിച്ച മീഡിയ റിപ്പോര്‍ട്ടറുടെ വായടപ്പിച്ച് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി അന്തോണി ആല്‍ബനീസ് രംഗത്തെത്തി. മേയ് മാസത്തില്‍ മോഡി ഓസ്‌ട്രേലിയ സന്ദര്‍ശിച്ചപ്പോള്‍ സിഡ്‌നിയില്‍ ഇന്ത്യന്‍ സമൂഹത്തിനായി സംഘടിപ്പിച്ച കമ്മ്യൂണിറ്റി ഇവന്റ് വേദിയില്‍ വച്ചായിരുന്നു ആല്‍ബനീസ് മോഡിയെ ബോസ് എന്ന് വിശേഷിപ്പിച്ചിരുന്നത്.
കാനഡയിലെ സിഖ് തീവ്രവാദി ഹര്‍ദീപ് സിംഗ് നിജാറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യയിലെ മോഡി ഗവണ്‍മെന്റാണെന്ന കാനഡയുടെ ഏറ്റവും പുതിയ ആരോപണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ചൊവ്വാഴ്ച നടന്ന പത്രസമ്മേളനത്തിനിടെ ഒരു റിപ്പോര്‍ട്ടര്‍ ആല്‍ബനീസിനോട് വിവാദ ചോദ്യമുന്നയിച്ചിരുന്നത്. താന്‍ മോഡിയെ ബോസ് എന്ന് വിശേഷിപ്പിച്ച അവസരം ഓര്‍മിക്കാതെയാണ് റിപ്പോര്‍ട്ടര്‍ ഈ ചോദ്യം അനവസരത്തില്‍ ചോദിച്ചിരിക്കുന്നതെന്ന് പറഞ്ഞായിരുന്നു ആല്‍ബനീസ് പൊട്ടിത്തെറിച്ചത്.
സിഡ്‌നിയിലെ ഇന്ത്യന്‍ സമൂഹം തിങ്ങി നിറഞ്ഞ സദസ്സില്‍ മോഡിക്ക് ആവേശകരമായ സ്വീകരണം ലഭിച്ച വേളയിലായിരുന്നു താന്‍ മോഡിയെ ബോസ് എന്ന് വിശേഷിപ്പിച്ചിരുന്നതെന്ന് ഓര്‍ക്കണമെന്നാണ് ആല്‍ബനീസ് റിപ്പോര്‍ട്ടറോട് ആവശ്യപ്പെട്ടത്. താന്‍ ക്ഷണിച്ചിട്ടാണ് മോഡി അതിഥിയായി ഓസ്‌ട്രേലിയയിലേക്കെത്തിയതെന്നും അതിനാലാണ് താന്‍ മോഡിയെ ഊഷ്മളമായി സ്വീകരിച്ചതെന്നും മറ്റ് അതിഥികളെയും താന്‍ ഓസ്‌ട്രേലിയയിലേക്ക് ഇത്‌പോലെ സ്വീകരിക്കുമെന്നും ആല്‍ബനീസ് റിപ്പോര്‍ട്ടര്‍ക്ക് ചുട്ട മറുപടിയേകിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അതിനിടെ കാനഡ ഇന്ത്യക്കെതിരേ നടത്തിയ ആരോപണത്തില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച് ഓസ്‌ട്രേലിയന്‍ വിദേശകാര്യമന്ത്രി പെന്നി വോന്‍ഗിന്റെ വക്താവ് ചൊവ്വാഴ്ച രംഗത്തെത്തുകയും ചെയ്തിരുന്നു. ഇക്കാര്യത്തില്‍ ഇന്ത്യയിലെ മുതിര്‍ന്ന നേതാക്കളെ ആശങ്കയറിയിച്ചിട്ടുണ്ടെന്നും ഈ വക്താവ് വ്യക്തമാക്കിയിട്ടുണ്ട്.