ഇന്ത്യ ചന്ദ്രനില്‍ എത്തുകയും ജി 20 ഉച്ചകോടി വിജയകരമായി സംഘടിപ്പിക്കുകയും ചെയ്യുമ്പോള്‍ പാകിസ്താന്‍ മറ്റു രാജ്യങ്ങളോട് പണത്തിനായി യാചിക്കുകയാണെന്ന് മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്. ലാഹോറില്‍ നടന്ന റാലി വീഡിയോ കോണ്‍ഫറന്‍സിങ് വഴി അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യ ചന്ദ്രനില്‍ കാലുകുത്തുകയും ലോക നേതാക്കളെ ഉള്‍പ്പെടുത്തി ജി 20 ഉച്ചകോടിയ്ക്ക് അതിഥേയത്വം വഹിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇന്ന് പാകിസ്താന്‍ പ്രധാനമന്ത്രി പണത്തിനായി ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് യചിച്ച് നടക്കുകയാണ്. എന്തുകൊണ്ട് പാകിസ്താന് സമാനമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയാത്തത്. ആരാണ് നമ്മുടെ അപമാനകരമായ അവസ്ഥയ്ക്ക് ഉത്തരവാദി, നവാസ് ഷെരീഫ് ചോദിച്ചു.
1990ല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തുടക്കം കുറിച്ച സാമ്പത്തിക പരിഷ്‌കാരങ്ങള്‍ അവര്‍ പിന്തുടര്‍ന്നു. വാജ്‌പേയി ഇന്ത്യയുടെ പ്രധാനമന്ത്രിയായപ്പോള്‍ ഇന്ത്യയുടെ ഖജനാവില്‍ ഒരു ബില്യണ്‍ ഡോളര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ അവരുടെ വിദേശ നാണ്യ കരുതല്‍ 600 ബില്യണ്‍ ഡോളറായി ഉയര്‍ന്നു, നവാസ് ഷെരീഫ് ചൂണ്ടിക്കാട്ടി.
ഒരു ബില്യണ്‍ ഡോളറിന് പോലും നമ്മള്‍ യാചിക്കുന്നു. നമ്മള്‍ എന്തിലേക്കാണ് എത്തിയത്. ഇന്ത്യയുടെ കണ്ണില്‍ പാകിസ്താന്‍ എവിടെയാണ് നില്‍ക്കുന്നത് ? നമ്മള്‍ ചൈനയില്‍ നിന്നും ഗള്‍ഫില്‍ നിന്നും പണം ആവശ്യപ്പെടുന്നു. നമ്മള്‍ നമ്മുടെ രാജ്യത്തോട് എന്താണ് ചെയ്തത്. നമ്മുടെ രാജ്യത്തോട് ഇതു ചെയ്തവാണ് ഏറ്റവും വലിയ കുറ്റവാളികള്‍, നവാസ് ഷെരീഫ് പറഞ്ഞു.