കാനഡയില്‍ ജീവിക്കുന്ന ഇന്ത്യന്‍ പൗരന്‍മാരും കാനഡയിലേക്ക് യാത്ര പോകുന്ന ഇന്ത്യന്‍ പൗരന്‍മാരും കടുത്ത ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പേകി ഇന്ത്യ രംഗത്തെത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ വഷളായ സാഹചര്യത്തിലാണ് ഇന്ത്യ ഈ മുന്നറിയിപ്പേകിയിരിക്കുന്നത്. ഇരു രാജ്യങ്ങളും ഡിപ്ലോമാറ്റുകളെ അന്യോന്യം പുറത്താക്കി ബന്ധം വഷളായി ഒരു ദിവസത്തിന് ശേഷമാണ് ഇന്ത്യ പൗരന്‍മാര്‍ക്ക് കടുത്ത മുന്നറിയിപ്പേകി രംഗത്തെത്തിയിരിക്കുന്നത്.
കാനഡയില്‍ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഭരണകൂടത്തിന്റെ മൗനാനുവാദത്തോടെ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ അവിടെ ജീവിക്കുന്ന ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് നേര്‍ക്കുള്ള ആക്രമണങ്ങളും വര്‍ധിച്ചിരിക്കുന്നുവെന്നും ബുധനാഴ്ച പുറത്തിറക്കിയ അഡൈ്വസറിയില്‍ ഇന്ത്യ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പേകുന്നു. നിലവില്‍ ഇന്ത്യന്‍ വംശജരെ ലക്ഷ്യം വച്ച് കാനഡയില്‍ വംശീയപരമായ ആക്രമണങ്ങളേറി വരുന്നുവെന്നും അക്കാരണത്താല്‍ അവിടെ ജീവിക്കുന്നവരും അല്ലെങ്കില്‍ അവിടേക്ക് യാത്ര ചെയ്യുന്നവരുമായ ഇന്ത്യന്‍ പൗരന്‍മാര്‍ കടുത്ത ജാഗ്രത പാലിക്കണമെന്നാണ് ബുധനാഴ്ച ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പുത്തിറക്കിയ അഡൈ്വസറി മുന്നറിയിപ്പേകുന്നത്.
ജൂണില്‍ കാനഡയില്‍ വച്ച് ഖലിസ്ഥാന്‍ തീവ്രവാദ നേതാവ് ഹര്‍ദീപ് സിംഗ് നിജാറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യയാണെന്ന കാനഡയിലെ ട്രൂഡോ ഗവണ്‍മെന്റിന്റെ കഴിഞ്ഞ ദിവസത്തെ ആരോപണമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നതിന് വഴിയൊരുക്കിയിരിക്കുന്നത്. കാനഡയില്‍ വര്‍ധിച്ച് വരുന്ന ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ജി 20 സമ്മിറ്റിന് കനേഡിയന്‍ പ്രധാനമനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യയിലെത്തിയപ്പോള്‍ മോഡി ട്രൂഡോവിനോട് ആശങ്ക രേഖപ്പെടുത്തിയതും കാനഡയെ ചൊടിപ്പിച്ചിരുന്നു.
ഇന്ത്യയിലെ ജമ്മു കാശ്മീരിലേക്ക് യാതൊരു വിധത്തിലും യാത്ര ചെയ്യരുതെന്ന് കനേഡിയന്‍ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പേകി കാനഡ ഗവണ്‍മെന്റ് കഴിഞ്ഞ ദിവസം രംഗത്തെത്തിയത് ഇന്ത്യയെ ചൊടിപ്പിച്ചിരുന്നു. ജമ്മു കാശ്മീരില്‍ യാതൊരു വിധത്തിലുള്ള സുരക്ഷിതത്വവുമില്ലെന്നും ഏത് സമയവും ആക്രമിക്കപ്പെട്ടേക്കാമെന്നുമാണ് കാനഡയിലെ ട്രൂഡോ ഗവണ്‍മെന്റ് പൗരന്‍മാര്‍ക്ക് മുന്നറിയിപ്പേകിയിരിക്കുന്നത്.