ഇന്ത്യക്കെതിരെ തിരിഞ്ഞ കാനഡയ്ക്ക് പിന്തുണ നല്‍കാതെ സഖ്യരാജ്യങ്ങള്‍ ; പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ യു.എസ്. ഉള്‍പ്പെടെയുള്ള സഖ്യകക്ഷികളെ ഒപ്പം കൂട്ടാന്‍ ശ്രമിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്

ഇന്ത്യക്കെതിരെ തിരിഞ്ഞ കാനഡയ്ക്ക് പിന്തുണ നല്‍കാതെ സഖ്യരാജ്യങ്ങള്‍ ; പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ യു.എസ്. ഉള്‍പ്പെടെയുള്ള സഖ്യകക്ഷികളെ ഒപ്പം കൂട്ടാന്‍ ശ്രമിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്
ഖലിസ്താന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജറുടെ വധത്തില്‍ ഇന്ത്യക്കെതിരെ തിരിഞ്ഞ കാനഡയ്ക്ക് ഒപ്പംചേരാതെ സഖ്യരാജ്യങ്ങള്‍. നയതന്ത്ര തലത്തിലുള്ള പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നതിന് മുന്‍പ് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ യു.എസ്. ഉള്‍പ്പെടെയുള്ള സഖ്യകക്ഷികളെ ഒപ്പം കൂട്ടാന്‍ കാനഡ ശ്രമിച്ചിരുന്നു.

എന്നാല്‍, കാനഡയുടെ ശ്രമങ്ങള്‍ മറ്റുരാജ്യങ്ങള്‍ അവഗണിക്കുകയും ഇന്ത്യക്കുനേരെ തിരിയുന്നതില്‍ അഭിപ്രായം പറയാന്‍ സഖ്യരാജ്യങ്ങള്‍ വിസമ്മതിച്ചുവെന്നും 'വാഷിങ്ടണ്‍ പോസ്റ്റ്' പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. 'ഫൈവ് ഐസ്' സഖ്യത്തിലാണ് നിജ്ജര്‍വധം കാനഡ ഉയര്‍ത്തിയത്. കാനഡ, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ്, ബ്രിട്ടന്‍, യു.എസ്. എന്നിവയുള്‍പ്പെട്ട സഖ്യമാണ് 'ഫൈവ് ഐസ്'. എന്നാല്‍, ഈ മാസം ഡല്‍ഹിയില്‍ നടന്ന ജി20 ഉച്ചകോടിയില്‍ നിജ്ജര്‍ വധം സഖ്യരാജ്യങ്ങള്‍ ഉന്നയിച്ചില്ല. ഉച്ചകോടി സമാപിച്ച് ഒരാഴ്ച കഴിഞ്ഞാണ് കനേഡിയന്‍ പൗരനെ കാനഡയുടെ മണ്ണില്‍ ഇന്ത്യ വധിച്ചെന്ന് ട്രൂഡോ ആരോപിച്ചത്.

ചൈനയുമായി ഉയര്‍ന്നു വരുന്ന പോരില്‍ പിടിച്ചുനില്‍ക്കാന്‍ ഇന്ത്യയുമായുള്ള ചങ്ങാത്തം മുഖ്യമെന്നറിയാവുന്ന സഖ്യരാജ്യങ്ങള്‍ ആരോപണത്തെ പിന്തുണച്ചില്ല. യു.എസും ബ്രിട്ടനും ഓസ്‌ട്രേലിയയും ട്രൂഡോയുടെ ആരോപണത്തില്‍ ആശങ്ക പ്രകടിപ്പിച്ചു. പക്ഷേ, അന്വേഷണം പൂര്‍ത്തിയാകുവോളം അഭിപ്രായപ്രകടനം വേണ്ട എന്ന നിലപാടിലാണ് അവര്‍.

കാനഡയുമായി പതിവായി ബന്ധപ്പെടുന്നുണ്ട്. കാനഡയുടെ അന്വേഷണം മുന്നോട്ടുപോകുകയെന്നതും കുറ്റക്കാരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുകയെന്നതും നിര്‍ണായകമാണെന്ന് വൈറ്റ് ഹൗസ് പറഞ്ഞു. കാനഡയുടെ അന്വേഷണം നടക്കുന്നസാഹചര്യത്തില്‍ കൂടുതല്‍ പറയുന്നത് ഉചിതമല്ലെന്നായിരുന്നു ബ്രിട്ടീഷ് സര്‍ക്കാര്‍ വക്താവിന്റെ പ്രതികരണമെന്നും 'വാഷിങ്ടണ്‍ പോസ്റ്റ്' റിപ്പോര്‍ട്ട് ചെയ്യുന്നു.

Other News in this category4malayalees Recommends