യുഎസിലുള്ള ഏതാണ്ട് അരമില്യണോളം വെനിസ്വലക്കാരെ നാട് കടത്തുന്ന നടപടി താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കാനും വര്‍ക്ക് പെര്‍മിറ്റുകള്‍ അനുവദിക്കാനും യുഎസ് തീരുമാനിച്ചു.ബുധനാഴ്ചയാണ് യുഎസ് ഒഫീഷ്യലുകള്‍ ഇത് സംബന്ധിച്ച സ്ഥിരീകരണം നടത്തിയിരിക്കുന്നത്. യുഎസിലേക്ക് പുതുതായി എത്തുന്ന കുടിയേറ്റക്കാര്‍ക്ക് നിയമപരമായി ജോലി ചെയ്യുന്നതിന് സഹായിക്കണമെന്ന ഡെമോക്രാറ്റുകളുടെ ആവശ്യമുയര്‍ന്നതിന് പിന്നാലെയാണ് സര്‍ക്കാര്‍ ഈ നീക്കം നടത്തുന്നതെന്നത് ശ്രദ്ധേയമാണ്.
കൃത്യമായി പറഞ്ഞാല്‍ ഏതാണ്ട് 472,000 വെനിസ്വലക്കാര്‍ക്കാണ് സര്‍ക്കാരിന്റെ പുതിയ നീക്കമനുസരിച്ച് പ്രയോജനം ലഭിക്കാന്‍ പോകുന്നത്. ഇക്കഴിഞ്ഞ ജൂലൈ 31നും അതിന് മുമ്പും യുഎസിലുള്ള വെനിസ്വലക്കാര്‍ക്കാണ് പുതിയ നീക്കമനുസരിച്ച് വര്‍ക്ക് പെര്‍മിറ്റുകള്‍ ലഭിക്കുന്നത്. ഇവര്‍ക്ക് 18 മാസത്തേക്ക് ടെംപററി പ്രൊട്ടക്ടഡ് സ്റ്റാറ്റസ് (ടിപിഎസ്) അനുവദിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. 2021 മുതല്‍ ഇവിടെ താമസിക്കുന്ന 243,000 വെനിസ്വലക്കാര്‍ക്ക് നേരത്തെ തന്നെ ഈ സ്റ്റാറ്റസ് നല്‍കിയിരുന്നു. തുടര്‍ന്ന് ഇത് കഴിഞ്ഞ വര്‍ഷം പുതുക്കുകയും ചെയ്തിരുന്നു.
വെനിസ്വലയില്‍ നിന്ന് സമീപവര്‍ഷങ്ങളിലായി കൈയും കണക്കുമില്ലാതെയാണ് കുടിയേറ്റക്കാര്‍ യുഎസിലേക്ക് പ്രവഹിച്ച് കൊണ്ടിരിക്കുന്നത്. വെനിസ്വലയില്‍ രാഷ്ട്രീയപരമായും സാമ്പത്തിക പരമായും കടുത്ത പ്രതിസന്ധികള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് അവിടെ നിന്ന് പതിനായിരങ്ങള്‍ യുഎസിലേക്ക് പ്രവഹിച്ച് കൊണ്ടിരിക്കുന്നത്. 2024ല്‍ പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന പുതിയ യുഎസ് പ്രസിഡന്റ് നിയമവിരുദ്ധമായ ഇത്തരം കുടിയേറ്റങ്ങളെ വ്യാപകമായ തോതില്‍ അഭിമുഖീകരിക്കേണ്ടി വരുമെന്ന ഭീഷണി ശക്തമായിരിക്കുകയാണ്.