കാനഡക്കാര്‍ക്ക് വിസ നല്‍കുന്ന നടപടി ഇന്ത്യ നിര്‍ത്തിവച്ചുവെന്ന് റിപ്പോര്‍ട്ട്. സിഖ് തീവ്രവാദി നേതാവ് കാനഡയില്‍ കൊല്ലപ്പെട്ടതിന് പുറകില്‍ ഇന്ത്യയാണെന്ന കാനഡയുടെ ആരോപണത്തെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധങ്ങള്‍ കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുന്നുവെന്നാണ് ഇതിലൂടെ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.കാനഡയിലെ തങ്ങളുടെ ദൗത്യങ്ങള്‍ക്ക് നേരെയുള്ള സുരക്ഷാ ഭീഷണികള്‍ മുമ്പില്ലാത്ത വിധത്തില്‍ വര്‍ധിച്ചതിനാലാണ് കാനഡക്കാര്‍ക്ക് വിസ നല്‍കുന്നത് തല്‍ക്കാലത്തേക്ക് നിര്‍ത്തി വയ്ക്കാന്‍ കാരണമെന്നാണ് ഇന്ത്യ വിശദീകരണം നല്‍കിയിരിക്കുന്നത്.
മൂന്നാമതൊരു രാജ്യത്തുള്ള കാനഡക്കാര്‍ക്കും ഇന്ത്യന്‍ വിസകള്‍ നല്‍കില്ലെന്ന് പുതിയ നീക്കത്തിന്റെ ഭാഗമായി ഇന്ത്യ സ്ഥിരീകരിച്ചിട്ടുണ്ട്. കാനഡയിലെ തങ്ങളുടെ ഹൈക്കമ്മീഷന്‍(എംബസി), കോണ്‍സുലേറ്റുകള്‍ എന്നിവയ്ക്ക് നേരെ മുമ്പില്ലാത്ത വിധത്തില്‍ ഭീഷണി നേരിടുന്നുവെന്നും അതിനാല്‍ ഇവയുടെ സാധാരണ പ്രവര്‍ത്തനം തടസ്സപ്പെട്ടിരിക്കുന്നുവെന്നും ഇതിനാല്‍ അവയ്ക്ക് വിസ അപേക്ഷകള്‍ പ്രൊസസ് ചെയ്യാന്‍ താല്‍ക്കാലികമായി സാധിക്കാത്ത അവസ്ഥയാണുണ്ടായിരിക്കുന്നതെന്നുമാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് ന്യൂദല്‍ഹിയില്‍ വിശദീകരിച്ചിരിക്കുന്നത്.
എന്നാല്‍ ഇന്ത്യക്കാര്‍ക്ക് വിസ നല്‍കുന്ന നടപടികള്‍ കാനഡ നിര്‍ത്തി വച്ചിട്ടില്ല.കാനഡയില്‍ ഇന്ത്യന്‍ വംശജരായ 1.4 മില്യണ്‍ പേരാണുള്ളത്. ഇവരില്‍ പകുതിയിലധികം പേരും സിഖുകാരാണ്. ഇന്ത്യന്‍ വംശജരാണ് കാനഡയിലെ ജനസംഖ്യയുടെ 3.7 ശതമാനവുമുള്ളത്. കഴിഞ്ഞ വര്‍ഷം കാനഡയിലേക്ക് ഏറ്റവും കൂടുതല്‍ വിദേശവിദ്യാര്‍ത്ഥികളെ അയച്ചുവെന്ന സ്ഥാനവും ഇന്ത്യക്കാണ്. കാനഡയിലെ മൊത്തം വിദേശ വിദ്യാര്‍ത്ഥികളുടെ 40 ശതമാനം വരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം നിലവില്‍ 320,000 പേരാണ്.
ജൂണ്‍ 18ന് കാനഡയില്‍ വച്ച് കൊല്ലപ്പെട്ട സിഖ് തീവ്രവാദി നേതാവ് ഹര്‍ദീപ് നിജാറിന്റെ കൊലയ്ക്ക് പിന്നില്‍ ഇന്ത്യയാണെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിക്കുകയും ഇത് ഇന്ത്യ നിഷേധിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരിക്കുന്നത്. തുടര്‍ന്ന് ഇരുവരും പരസ്പരം നയതന്ത്ര പ്രതിനിധികളെ പുറത്താക്കുകയും ചെയ്തിരുന്നു.