വ്യാജ മരുന്നുകള്‍ നിര്‍മിച്ച് കൈവശം സൂക്ഷിച്ചു ; പ്രവാസിക്ക് രണ്ടു വര്‍ഷം തടവും പിഴയും ശിക്ഷ
വ്യാജ വെറ്ററിനറി മരുന്നുകള്‍ നിര്‍മിച്ച് കൈവശം വെച്ചതിന് പ്രവാസിക്ക് സൗദി കോടതി രണ്ട് വര്‍ഷം തടവും 20,000 റിയാല്‍ (4,42,040 രൂപ) പിഴയും ശിക്ഷ വിധിച്ചു. പ്രതി ജനങ്ങളെ കബളിപ്പിക്കുന്നതിനായി വ്യാജ ലേബലുകള്‍ അച്ചടിച്ചതായും ദമാമിലെ കോടതി കണ്ടെത്തി. സെയില്‍സ് റെപ്രസന്റേറ്റീവായി ജോലിചെയ്യുന്ന പ്രവാസിയെയാണ് ശിക്ഷിച്ചത്.
സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി (എസ്എഫ്ഡിഎ) ദമാമില്‍ പരിശോധന നടത്തിവരുന്നതിനിടെയാണ് വ്യാജ മരുന്നുകള്‍ കണ്ടെത്തിയത്. ശീതീകരണ സംവിധാനമില്ലാതെ കാറില്‍ മരുന്നുകള്‍ കൊണ്ടുപോകുന്നതിനിടെയാണ് പിടികൂടിയത്. മരുന്നുകള്‍ സൂക്ഷിക്കുമ്പോഴും കൊണ്ടുപോകുമ്പോഴും പാലിക്കേണ്ട നിയമപ്രകാരമുള്ള സജ്ജീകരണങ്ങള്‍ ഒരുക്കാതെയും മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചുമാണ് ഇവ കാറില്‍ സൂക്ഷിച്ചിരുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവ വ്യാജമായി നിര്‍മിച്ചതാണെന്നും വില്‍പ്പന നടത്താനുള്ള ലൈസന്‍സ് ഇല്ലെന്നും കണ്ടെത്തിയത്.