കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ വഷളാകുന്നതില്‍ ആശങ്കപ്പെട്ട് കാനഡയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍; മക്കള്‍ക്ക് നേരെ ആക്രമണങ്ങളുണ്ടാകുമെന്നും വിവേചനങ്ങള്‍ നേരിടേണ്ടി വരുമെന്നും ഇന്ത്യന്‍ മാതാ-പിതാക്കള്‍
കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ അനുദിനമെന്നോണം വഷളാകുന്ന സാഹചര്യത്തില്‍ കാനഡയില്‍ പഠിക്കുന്ന ഇന്ത്യന്‍ സ്റ്റുഡന്റ്‌സിന്റെ രക്ഷിതാക്കള്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി രംഗത്തെത്തി. പുതിയ സംഭവ വികാസങ്ങള്‍ കാനഡയിലെ തങ്ങളുടെ മക്കളെ ബാധിക്കുമെന്നും സുരക്ഷാ ഭീഷണിയേറുമെന്നുമാണ് ഇന്ത്യക്കാരായ രക്ഷിതാക്കള്‍ ആശങ്കപ്പെട്ടിരിക്കുന്നത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മുമ്പില്ലാത്ത വിധത്തില്‍ വഷളായിരിക്കുന്നതിനാല്‍ കാനഡയില്‍ തങ്ങളുടെ മക്കള്‍ ഇന്ത്യക്കാരാണെന്നതിന്റെ പേരില്‍ വിവേചനത്തിന് അല്ലെങ്കില്‍ ആക്രമണങ്ങള്‍ വിധേയരാകുമെന്ന ഭയമാണ് ഇവരെ അലട്ടുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങളില്‍ തന്റെ മകള്‍ ആശങ്കാകുലയാണെന്നും അവള്‍ക്ക് പഠനത്തില്‍ ശ്രദ്ധിക്കാന്‍ സാധിക്കുന്നില്ലെന്നുമാണ് ദല്‍ഹിയിലെ ബല്‍വീന്ദര്‍ സിംഗ് എഎന്‍ഐ ന്യൂസ് ഏജന്‍സിയോട് വെളിപ്പെടുത്തിയിരിക്കുന്നത്. ഏഴ് മാസങ്ങള്‍ക്ക് മുമ്പാണ് ഇയാളുടെ മകള്‍ കാനഡയിലേക്ക് പഠിക്കാനായി പോയിരിക്കുന്നത്.
തന്റെ രണ്ട്‌പെണ്‍കുട്ടികളും കാനഡയിലാണ് പഠിക്കുന്നതെന്നും കാനഡയും ഇന്ത്യയും തമ്മിലുള്ള ബന്ധങ്ങള്‍ വഷളായി വരുന്നതിനാല്‍ തനിക്കേറെ ആശങ്കയുണ്ടെന്നും ഇ രുാജ്യങ്ങളും ഉടനടി ഇതിനൊരു പരിഹാരം കാണണമെന്നുമാണ് മറ്റൊരു രക്ഷിതാവായ കുല്‍ദീപ് കൗര്‍ ആവശ്യപ്പെടുന്നത്. പുതിയ സംഭവവികാസങ്ങളെ തുടര്‍ന്ന് കാനഡയില്‍ പഠിക്കാനുള്ള തങ്ങളുടെ പദ്ധതിമുന്നോട്ട് കൊണ്ട് പോകണമോ എന്ന കാര്യത്തില്‍ ആശങ്ക പുലര്‍ത്തുന്ന ഇന്ത്യന്‍ സ്റ്റുഡന്റ്‌സുകളുടെ എണ്ണവും വര്‍ധിക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഗവണ്‍മെന്റ് കാനഡയില്‍ വിസ സര്‍വീസുകള്‍ റദ്ദാക്കിയത് തങ്ങളുടെ കുടിയേറ്റത്തെ സാരമായി ബാധിക്കുമെന്നാണിവര്‍ ആശങ്കപ്പെടുന്നത്. സിഖ് തീവ്രവാദി നേതാവ് ഹര്‍ദീപ് സിംഗിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യയാണെന്ന കാനഡയുടെ ആരോപണമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയിരിക്കുന്നത്.