കാനഡയില്‍ ഇക്കഴിഞ്ഞ ജൂണില്‍ ഖലിസ്ഥാന്‍ തീവ്രവാദ നേതാവ് ഹര്‍ദീപ് സിംഗ് നിജാര്‍ കൊല്ലപ്പെട്ട സംഭവത്തോട് അനുബന്ധിച്ചുള്ള ഏത് അന്വേഷണത്തോടും സഹകരിക്കാന്‍ ഇന്ത്യ തയ്യാറാണെന്ന് വാഗ്ദാനം ചെയ്ത് ഇന്ത്യന്‍ വിദേശ കാര്യമന്ത്രി എസ് .ജയ്ശങ്കര്‍ രംഗത്തെത്തി. എന്നാല്‍ ഇതിന് വ്യക്തമായ തെളിവുകള്‍ ഹാജരാക്കേണ്ടുന്ന ബാധ്യത കാനഡക്കുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു.
ഇത്തരത്തിലുള്ള കൊലപാതകങ്ങള്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ നയമല്ലെന്നും എന്നാല്‍ ഇതില്‍ ഏതെങ്കിലും തരത്തില്‍ ഇന്ത്യക്കാര്‍ ഭാഗഭാക്കായെന്ന് തെളിയിക്കാന്‍ കാനഡക്ക് സാധിച്ചാല്‍ ഇത് സംബന്ധിച്ച സത്യം വെളിച്ചത്ത് കൊണ്ട് വരാന്‍ ഇന്ത്യ കൂടെ നില്‍ക്കുമെന്നാണ് ന്യൂയോര്‍ക്കില്‍ ഇത് സംബന്ധിച്ച ഒരു ചര്‍ച്ചക്കിടെ ജയ്ശങ്കര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. നിജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് രാജ്യങ്ങളുടെ സഖ്യമായ ഫൈവ് ഐസ് പുറത്ത് വിട്ട രഹസ്യ വിവരങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ താന്‍ ആളല്ലെന്നും ജയ്ശങ്കര്‍ തറപ്പിച്ച് പറഞ്ഞിട്ടുണ്ട്.
ഓസ്‌ട്രേലിയ, കാനഡ, ന്യൂസിലാന്‍ഡ്, യുഎസ്, യുകെ എന്നീ അഞ്ച് രാജ്യങ്ങളുടെ കൂട്ടായ്മയായ ഫൈവ് ഐസിലോ അല്ലെങ്കില്‍ എഫ്ബിഐയിലോ താന്‍ പങ്കാളിത്തം വഹിക്കാത്ത ആളായതിനാല്‍ ഫൈവ് ഐസ് പുറത്ത് വിട്ടുവെന്ന് പറയപ്പെടുന്ന രഹസ്യ വിവരത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ തനിക്കാവില്ലെന്നാണ് ജയ്ശങ്കര്‍ തറപ്പിച്ച് പറഞ്ഞിരിക്കുന്നത്. നിജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഫൈവ് ഐസ് പുറത്ത് വിട്ട നിര്‍ണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യയാണെന്ന ആരോപണം കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ നടത്തിയതെന്ന് കാനഡയിലെ യുഎസ് അംബാസിഡറായ ഡേവിഡ് കോഹെന്‍ ജയ്ശങ്കര്‍ പങ്കെടുത്ത ചര്‍ച്ചയില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.കാനഡയില്‍ സമീപകാലത്ത് വര്‍ധിച്ച് വരുന്ന ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ജയ്ശങ്കര്‍ ഈ പരിപാടിയില്‍ വച്ച് കടുത്ത ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.