സംവിധായകന്‍ കെജി ജോര്‍ജിന്റെ മരണത്തിന് പിന്നാലെ അദ്ദേഹത്തിന്റെ കുടുംബത്തിന് നേരെ രൂക്ഷ വിമര്‍ശനമാണ് നിറഞ്ഞത്. അവസാന കാലത്ത് അദ്ദേഹം കാക്കനാട്ടെ വൃദ്ധസദനത്തിലായിരുന്നു. വയസുകാലത്ത് കെജി ജോര്‍ജിനെ സംരക്ഷിക്കാതെ വൃദ്ധസദനത്തിലാക്കി എന്ന് പറഞ്ഞായിരുന്നു വിമര്‍ശനം നിറഞ്ഞത്.
ഇപ്പോഴിതാ ആരോപണങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് കെജി ജോര്‍ജിന്റെ മകള്‍ താര. ഏജ് കെയര്‍ സെന്ററില്‍ താമസിക്കുക എന്നത് ഡാഡിയുടെ തീരുമാനമായിരുന്നു എന്നാണ് താര പറഞ്ഞത്. അദ്ദേഹത്തിന്റെ സിനിമകള്‍ പോലെ തന്നെ അദ്ദേഹവും പുരോഗമനവാദിയായിരുന്നു.
വയസുകാലത്ത് കുടുംബത്തിന് ഭാരമാകില്ല എന്ന പറഞ്ഞാണ് ഇത്തരം തീരുമാനത്തിലേക്ക് എത്തിയത്. ക്രിസ്ത്യാനിയായിട്ടും ഡാഡിയെ ദഹിപ്പിച്ചതും അദ്ദേഹത്തിന്റെ തീരുമാനപ്രകാരമായിരുന്നെന്നും താര പറഞ്ഞു. അച്ഛന്റെ തീരുമാനത്തെ ബഹുമാനിക്കുകയാണ് ചെയ്തതെന്ന് താര പറയുന്നു.
എന്റെ ഡാഡി ഭയങ്കര പുരോഗമന ചിന്താഗതിയുള്ള വ്യക്തിയാണ്. അദ്ദേഹത്തിന്റെ സിനിമകള്‍ പോലെ തന്നെ. പണ്ടു തന്നെ ഡാഡി പറയുമായിരുന്നു, താന്‍ വയസാവുമ്പോള്‍ കുടുംബത്തിന് ഭാരമാകാതെ എവിടെയെങ്കിലും പോയി താമസിക്കുമെന്ന്. അത് ഡാഡിയുടെ തീരുമാനമായിരുന്നു. അങ്ങനെയാണ് സിഗ്‌നേച്ചര്‍ എന്നു പറയുന്ന ഏജ് കെയര്‍ സെന്ററില്‍ എത്തിയത്.
ഇത് വൃദ്ധസദനമൊന്നുമില്ല. ഇവിടെ ഡാഡിയെ ഒരു കുടുംബം പോലെയാണ് നോക്കിയിരുന്നത്. ഞങ്ങള്‍ ഇടയ്ക്ക് വീട്ടില്‍ കൊണ്ടുപോയി നിര്‍ത്താറുണ്ട്. എന്നാലും ഇങ്ങോട്ടേക്ക് തിരിച്ചുവരും. ഡാഡി എപ്പോഴും പറഞ്ഞിരുന്ന കാര്യമുണ്ട്. സിനിമ എടുത്തിരുന്ന കാലത്ത് സിനിമാക്കാര്‍ എല്ലാവരും വിളിക്കുകയും വന്നു കാണുകയും ചെയ്യും. സിനിമ നിര്‍ത്തിയതോടെ ആരും തിരിഞ്ഞു നോക്കിയില്ല. ഒന്നു ഫോണ്‍ വിളിക്കുകയോ വന്നു കാണുകയോ ചെയ്തില്ല.
അങ്ങനെ ഒറ്റയ്ക്കിരുന്ന് ഡിപ്രസ്ഡ് ആയി. ഇവിടെ വന്നതോടെ ഡാഡിയുടെ ഹെല്‍ത്ത് ഓകെയായി. ഹോം നേഴ്‌സിനെ നിര്‍ത്താന്‍ നോക്കിയെങ്കിലും അത് നടന്നില്ല. ആശുപത്രിയില്‍ ആയിരുന്നപ്പോള്‍ തിരിച്ച് എങ്ങോട്ട് പോകണം എന്നു ചോദിക്കുമ്പോള്‍ സിഗ്‌നേചറില്‍ പോകണം എന്നായിരുന്നു പറഞ്ഞിരുന്നത്. ഡാഡി എന്ത് തീരുമാനിക്കുന്നോ അത് ഞങ്ങള്‍ ബഹുമാനിക്കുന്നു. ഡാഡി ക്രിസ്റ്റിയന്‍ ആയിട്ടു പോലും അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ശരീരം സംസ്‌കരിക്കുകയാണ് ചെയ്തതെന്നും താര പറഞ്ഞു.