യുകെയില്‍ ട്രെയിന്‍ ഡ്രൈവര്‍മാരുടെ സമരം ക്രിസ്മസ് വരെ നീണ്ട് നില്‍ക്കുമെന്ന സൂചന ശക്തമായി. ട്രെയിന്‍ ഡ്രൈവര്‍മാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാരോ അല്ലെങ്കില്‍ ഇന്റസ്ട്രിയോ താല്‍പര്യം കാണിക്കാത്ത പക്ഷം സമരം ഇനിയും നീളുമെന്ന് തന്നെയാണ് താന്‍ കരുതുന്നതെന്നാണ് സമരത്തിന് നേതൃത്വം നല്‍കുന്ന യൂണിയനായ അസ്ലെഫിന്റെ നേതാവായ മൈക്ക് വീലന്‍ ബിബിസിയോട് വ്യക്തമാക്കിയിരിക്കുന്നത്.
ട്രെയിന്‍ ഡ്രൈവര്‍മാരുടെ സേവന-വേതന വ്യവസ്ഥകളിലെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയുളള സമരങ്ങള്‍ കുറച്ച് കാലമായി ഇടക്കിടെ നടന്ന് വരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട അസ്ലെഫിന്റെ പുതിയ സമരപരമ്പര ഇന്ന് ആരംഭിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ മുന്നറിയിപ്പുമായി യൂണിയന്‍ നേതാവ് രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ സമരം പരിഹരിക്കാന്‍ തങ്ങള്‍ മുന്നോട്ട് വച്ചിരിക്കുന്ന ഓഫര്‍ ഇപ്പോഴും മേശപ്പുറത്തുണ്ടെന്നാണ് ട്രെയിന്‍ കമ്പനികളെ പ്രതിനിധീകരിക്കുന്ന ദി റെയില്‍ ഡെലിവറി ഗ്രൂപ്പ് പ്രതികരിച്ചിരിക്കുന്നത്.
ശനിയാഴ്ചയും ഒക്ടോബര്‍ അഞ്ച് ബുധനാഴ്ചയും നടക്കുന്ന ട്രെയിന്‍ ഡ്രൈവര്‍മാരുടെ സമരം ഒരു ഡസനലധികം ട്രെയിന്‍ കമ്പനികളെ ബാധിക്കുമെന്നാണ് മുന്നറിയിപ്പ്. ഡ്രൈവര്‍മാരുടെ സമരം മിക്ക ട്രെയിന്‍ കമ്പനികളെയും സാരമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. സമരത്തെ തുടര്‍ന്ന് മിക്ക ഓപ്പറേറ്റര്‍മാരുടെയും എല്ലാ സര്‍വീസുകളും നിര്‍ത്തി വയ്‌ക്കേണ്ടി വരും. ഇതിനാല്‍ യാത്രക്കിറങ്ങും മുമ്പ് സമര ദിവസങ്ങളില്‍ ട്രെയിനുകളുടെ ലഭ്യതയുറപ്പാക്കണമെന്ന് നിര്‍ദേശമുണ്ട്.
ഓവര്‍ ടൈം പ്രശ്‌നത്തിന്റെ പേരില്‍ ആയിരക്കണക്കിന് ഡ്രൈവര്‍മാര്‍ ഇന്നും തിങ്കളാഴ്ചയും അടുത്ത വെള്ളിയാഴ്ചയും ജോലിയില്‍ നിന്ന് വിട്ട് നില്‍ക്കും. ഇതിനെ തുടര്‍ന്ന് ചില സര്‍വീസുകള്‍ കാന്‍സല്‍ ചെയ്യേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. ട്രെയിന്‍ സമരങ്ങള്‍ കാരണം പബുകള്‍, റസ്റ്റോറന്റുകള്‍, കഫെകള്‍, മറ്റ് വെന്യൂകള്‍ തുടങ്ങിയവയില്‍ കസ്റ്റമര്‍മാരെത്തുന്നത് കുറയാന്‍ കാരണമായെന്നും തല്‍ഫലമായി ഇത്തരം വെന്യൂകളിലെ വരുമാനത്തില്‍ 3.5 ബില്യണ്‍ പൗണ്ടിന്റെ കുറവുണ്ടായെന്നുമാണ് ട്രേഡ് ബോഡി ഹോസ്പിറ്റാലിറ്റി ചീഫ് എക്‌സിക്യൂട്ടീവായ കേറ്റ് നിക്കോള്‍സ് പറയുന്നത്.