പിതാവ് കൈമാറിയ വിവരം നിര്‍ണ്ണായകമായി ; പൊലീസിനു നേരെ നായ്ക്കളെ അഴിച്ചുവിട്ട് കടന്നുകളഞ്ഞ റോബിന്‍ പിടിയില്‍

പിതാവ് കൈമാറിയ വിവരം നിര്‍ണ്ണായകമായി ; പൊലീസിനു നേരെ നായ്ക്കളെ അഴിച്ചുവിട്ട് കടന്നുകളഞ്ഞ റോബിന്‍ പിടിയില്‍
നായപരിശീലനത്തിന്റെ മറവില്‍ കഞ്ചാവ് കച്ചവടം നടത്തിയ കേസിലെ പ്രതി റോബിന്‍ ജോര്‍ജ് പിടിയില്‍. തമിഴ്‌നാട്ടില്‍ നിന്നാണ് കേരള പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളെ കോട്ടയം ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചു. റോബിന്റെ പിതാവിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. നാല് സംഘങ്ങളായി തിരിഞ്ഞായിരുന്നു പോലീസ് തമിഴ്‌നാട്ടില്‍ അടക്കം അന്വേഷണം നടത്തിയത്.

റോബിന്റെ കോട്ടയം കുമാരനല്ലൂരിലെ 'ഡെല്‍റ്റ കെ9' എന്ന നായ പരിശീലനകേന്ദ്രത്തില്‍നിന്ന് 18 കിലോ കഞ്ചാവാണ് പോലീസ് സംഘം പിടിച്ചെടുത്തത്. നായകളെ പരിശീലിപ്പിക്കുന്നതിന്റെ പേരില്‍ വാടകയ്ക്ക് വീടെടുത്ത് റോബിന്‍ ജോര്‍ജ് എന്നയാളാണ് ലഹരിവില്‍പ്പന നടത്തിയിരുന്നത്. പതിമൂന്നോളം നായ്ക്കളാണ് ഇയാളുടെ കേന്ദ്രത്തിലുണ്ടായിരുന്നത്. മിക്കസമയത്തും നായ്ക്കളെ അഴിച്ചുവിടുന്നതിനാല്‍ ആരും ഇവിടേക്ക് അടുത്തിരുന്നില്ല. കാക്കി കണ്ടാല്‍ കടിക്കാന്‍ വരെ ഇയാള്‍ നായകളെ പരിശീലിപ്പിച്ചിരുന്നതായും പോലീസ് പറഞ്ഞിരുന്നു.

ഞായറാഴ്ച പുലര്‍ച്ചെ പരിശോധനയ്ക്കായി എത്തിയ പൊലീസ് സംഘത്തിനു നേരെ നായ്ക്കളെ തുറന്നുവിട്ട ശേഷം മീനച്ചിലാറ്റില്‍ ചാടിയാണ് ഇയാള്‍ കടന്നുകളഞ്ഞത്. പുലര്‍ച്ചെ കൊശമറ്റം കോളനിയുടെ ഭാഗത്തുവച്ച് മീനച്ചിലാറ്റില്‍ ചാടുകയായിരുന്നു. 50 മീറ്ററിലധികം വീതിയുള്ള ആറു നീന്തി അക്കരെയെത്തിയ റോബിന്‍ കോളനിക്കുള്ളിലൂടെ എത്തിയ ഓട്ടോയില്‍ കയറിപ്പോയതായി പൊലീസ് കണ്ടെത്തി. കൊശമറ്റം കോളനിക്കുള്ളിലാണു റോബിന്റെ സ്വന്തം വീട്.

അമേരിക്കന്‍ ബുള്ളി ഇനത്തില്‍പെട്ട 3 നായ്ക്കളെ കൂടു തുറന്നുവിട്ടാണു പ്രതി കടന്നുകളഞ്ഞത്. പൊലീസിന്റെ ഡോഗ് സ്‌ക്വാഡിലെ (കെ9 സ്‌ക്വാഡ്) പരിശീലകരായ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഈ നായ്ക്കളെ അനുനയിപ്പിച്ചു കൂട്ടിലേക്കു മാറ്റിയിട്ടാണു പൊലീസ് വീടിനുള്ളില്‍ കടന്നത്. മുറിക്കുള്ളില്‍ 2 സഞ്ചികളില്‍ കഞ്ചാവു നിറച്ചുവച്ചിരുന്നതു പൊലീസ് കണ്ടെടുത്തിരുന്നു.

Other News in this category



4malayalees Recommends