മകളുടെ വേര്‍പാടിന്റെ ദുഃഖം തീരുന്നതിന് മുമ്പേ പുതിയ ചിത്രത്തിന്റെ പ്രമോഷനെത്തി നടന്‍ വിജയ് ആന്റണി. രണ്ടാമത്തെ മകളെയും കൂട്ടിയാണ് 'രത്തം' എന്ന തന്റെ പുതിയ സിനിമയുടെ പ്രമോഷനാണ് വിജയ് ആന്റണി എത്തിയത്. താരത്തിന്റെ പ്രഫഷനലിസം ആണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്.
പത്ത് ദിവസം മുമ്പാണ് നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ മകള്‍ മീര ആത്മഹത്യ ചെയ്തത്. പ്ലസ്ടുവിന് പഠിക്കുന്ന മകളുടെ ആത്മഹത്യ വിജയ് ആന്റണിയുടെ കുടുംബത്തിനും തമിഴകത്തിനും ഞെട്ടലാണ് സമ്മാനിച്ചത്. മാനസിക സംഘര്‍ഷങ്ങളെ തുടര്‍ന്നാണ് മീര ആത്മഹത്യ ചെയ്തത്.
അതേസമയം, പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖങ്ങളില്‍ വ്യക്തി ജീവിതത്തെ കുറിച്ച് കൂടുതലൊന്നും സംസാരിക്കാന്‍ വിജയ് ആന്റണി തയാറായില്ല. എങ്ങനെയാണ് ഇത്രയും പോസിറ്റീവ് ആയിരിക്കാനും, സംസാരിക്കാനും കഴിയുന്നതെന്ന് അഭിമുഖത്തില്‍ വിജയ് ആന്റണിയോട് ചോദിക്കുകയുണ്ടായി.
അതൊന്നും പ്ലാന്‍ ചെയ്ത് സംഭവിക്കുന്നതല്ല. ജീവിതത്തില്‍ അത്രയും തീവ്രമായ അനുഭവങ്ങള്‍ ഉണ്ടാവുമ്പോള്‍ സ്വാഭാവികമായി വന്നു പോകുന്നതാണ്. എല്ലാത്തിനെയും നേരിട്ടല്ലേ പറ്റൂ. കഴിഞ്ഞതൊന്നും ഞാന്‍ മറക്കാറില്ല. അത് എന്റെ ചിന്തകളെയും മനസിനെയും കൂടുതല്‍ ശക്തമാക്കും. അതുകൊണ്ടാകാം ഇങ്ങനെ ആകുന്നത് എന്നാണ് വിജയ് ആന്റണി പറഞ്ഞത്.