നബിദിനാഘോഷ റാലിക്കിടെ പാക്കിസ്ഥാനില്‍ ചാവേര്‍ സ്‌ഫോടനം. തെക്കു പടിഞ്ഞാറന്‍ പാകിസ്താനിലെ ബലൂചിസ്താനിലാണ് സ്‌ഫോടനം ഉണ്ടായിരിക്കുന്നത്. സ്‌ഫോടനത്തില്‍ 53 പേര്‍ കൊല്ലപ്പെടുകയും 130 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ടെന്ന് പാക്കിസ്ഥാനില്‍ നിന്നുള്ള ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് നവാസ് ഗിഷ്‌കോരിയുടെ വാഹനത്തിനരികെ വെച്ചാണ് ചാവേര്‍ പൊട്ടിത്തെറിച്ചതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. ചിലരുടെ പരിക്ക് ഗുരുതരമാണ്.
എന്നാല്‍, സ്‌ഫോടനം ഭീകരാക്രമണമാണെന്ന് പാക് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. പ്രവാചകന്റെ ജന്‍മദിനം ആഘോഷിച്ച നിരപരാധികളായ ആളുകള്‍ക്കു നേരെ ഇത്തരത്തിലൊരു ആക്രമണം നടത്തിയവര്‍ ഭീരുക്കളാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. പാകിസ്താനിലെ ചില തീവ്രമുസ്ലീം സംഘടനകള്‍ നബിദിനം ആഘോഷിക്കുന്നതിനെ എതിര്‍ത്ത് പോരുന്നുണ്ട്.
ഇവരുടെ ഭീഷണി ഇക്കുറിയും ഉയര്‍ന്നിരുന്നു. ഇവരുടെ പങ്ക് സര്‍ക്കാര്‍ അന്വേഷിക്കുന്നുണ്ട്. എന്നാല്‍, ഭൂരിഭാഗം വിഭാഗങ്ങളും നബിദിനം ആഘോഷിക്കുന്നത് അനുകൂലിക്കുന്നവരാണ്. സ്ഥലത്ത് സൈന്യവും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.