റിലീസ് ദിവസം തന്നെ ഗംഭീര പ്രതികരണം നേടിയതോടെ കൂടുതല്‍ തിയേറ്ററുകളില്‍ 'കണ്ണൂര്‍ സ്‌ക്വാഡ്' പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്. റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത ചിത്രത്തിന് സഹോദരനും നടനുമായ റോണി ഡേവിഡ് രാജും മുഹമ്മദ് ഷാഫിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്.
ചിത്രത്തിലെ താരങ്ങളും അണിയറപ്രവര്‍ത്തകരും കഴിഞ്ഞദിവസം തിയേറ്റര്‍ സന്ദര്‍ശനം തുടങ്ങിയിരുന്നു. അതിനിടെ ഒരു തിയേറ്റര്‍ ഉടമ തന്നോട് 20 മിനിറ്റ് കട്ട് ചെയ്ത് സിനിമയുടെ ദൈര്‍ഘ്യം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടതിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് റോണി ഡേവിഡ്.
സിനിമ ഇറങ്ങുന്നതിന് മുമ്പ് മലബാറിലെ ഒരു തിയേറ്റര്‍ ഓണര്‍ സിനിമയുടെ ദൈര്‍ഘ്യത്തെ കുറിച്ച് അന്വേഷിച്ചു. രണ്ടേ മുക്കാല്‍ മണിക്കൂറിനടുത്ത് ഉണ്ടെന്ന് പറഞ്ഞപ്പോള്‍ 20 മിനിറ്റ് കട്ട് ചെയ്‌തേക്ക് എന്നാണ് തിയേറ്റര്‍ ഉടമ പറഞ്ഞത്. അപ്പോള്‍ താനൊന്നും മിണ്ടിയില്ല. പുള്ളി വീണ്ടും ഇതേ കാര്യം ആവശ്യപ്പെട്ടു.
താന്‍ പെട്ടന്ന് ക്ഷോഭിക്കുന്നയാളാണ്. മൂന്നാം തവണയും ഇതാവര്‍ത്തിച്ചപ്പോള്‍ അടുത്ത തവണ തിരക്കഥയെഴുതുമ്പോള്‍ ചേട്ടനേയും വിളിക്കാമെന്ന് മറുപടി നല്‍കി. ഇപ്പോള്‍ അദ്ദേഹം വിളിച്ചിട്ട് ഒന്നും കാര്യമായി എടുക്കരുതെന്ന് ഖേദം പ്രകടിപ്പിച്ചു എന്നാണ് റോണി വ്യക്തമാക്കിയത്.
സത്യസന്ധമായി എല്ലാ കാര്യങ്ങളും ചെയ്തതുകൊണ്ടായിരിക്കാം ഈ കോരിച്ചൊരിയുന്ന മഴയത്തും ആളുകള്‍ തിയേറ്ററിലേക്ക് വരുന്നത്. എല്ലാവരും സന്തോഷമായി തിരിച്ചുപോകുന്നതില്‍ സന്തോഷം. മമ്മൂക്കയ്ക്ക് റോബിയുടെ കഴിവില്‍ വിശ്വാസമുണ്ടായിരുന്നു എന്നും റോണി കൂട്ടിച്ചേര്‍ത്തു.