കാറിന്റെ പിറകില്‍ ജാതി സ്റ്റിക്കര്‍ ഒട്ടിച്ച് സഞ്ചരിച്ച പൊലീസ് ഇന്‍സ്‌പെക്ടറെ പിഴയടപ്പിച്ച് ട്രാഫിക്ക് പൊലീസ് ; സംഭവം യുപിയില്‍

കാറിന്റെ പിറകില്‍ ജാതി സ്റ്റിക്കര്‍ ഒട്ടിച്ച് സഞ്ചരിച്ച പൊലീസ് ഇന്‍സ്‌പെക്ടറെ പിഴയടപ്പിച്ച് ട്രാഫിക്ക് പൊലീസ് ; സംഭവം യുപിയില്‍
കാറിന്റെ പിറകില്‍ ജാതി സ്റ്റിക്കര്‍ ഒട്ടിച്ച് സഞ്ചരിച്ച പൊലീസ് ഇന്‍സ്‌പെക്ടറെ പിഴയടപ്പിച്ച് ട്രാഫിക്ക് പൊലീസ്. ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ ആണ് സംഭവം.

തന്റെ കാറില്‍ 'ഠാക്കൂര്‍ സാഹിബ്' എന്ന് എഴുതിയ ഇന്‍സ്‌പെക്ടര്‍ അംഗദ് സിംഗിനാണ് 3500 രൂപ ചലാന്‍ ലഭിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി, ഇന്‍സ്‌പെക്ടര്‍ അംഗദ് സിംഗ് ഈ സ്റ്റിക്കറുമായി തന്റെ വാഗണ്‍ആര്‍ കാര്‍ ഓടിക്കുന്ന ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കാറിന്റെ പിന്നിലെ ഗ്ലാസില്‍ താക്കൂര്‍ സാഹിബ് എന്ന് എഴുതിയിരിക്കുന്ന സ്റ്റിക്കര്‍ ഒട്ടിച്ചിരിക്കുന്നത് കാണാം.

വാഹനങ്ങളില്‍ ജാതിയോ മതമോ സൂചിപ്പിക്കുന്ന സ്റ്റിക്കറുകള്‍ ഉപയോഗിക്കുന്നത് അടുത്തിടെ ഉത്തര്‍പ്രദേശില്‍ നിരോധിച്ചിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു നടപടി. വാഹനങ്ങളില്‍ ജാതി, മത സ്റ്റിക്കര്‍ പതിച്ചതിന് വാഹന ഉടമകളില്‍ നിന്ന് സംസ്ഥാനത്ത് പോലീസ് പിഴ ഈടാക്കാന്‍ തുടങ്ങിയിരുന്നു.

എന്നിട്ടും ഇന്‍സ്‌പെക്ടര്‍ അംഗദ് തന്റെ കാറില്‍ 'ഠാക്കൂര്‍ സാഹിബ്' എന്ന് എഴുതി കറങ്ങി നടക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് ദിവസം മുമ്പ് ഉന്നാവോയില്‍ നിന്ന് സ്ഥലം മാറിയാണ് അംഗദ് സിംഗ് ലഖിംപൂര്‍ ഖേരിയിലെത്തിയത്. അംഗദ് സിംഗ് റോഡിലൂടെ വാഹനമോടിക്കുമ്പോള്‍ ആരോ അയാളുടെ കാറിന്റെ ഫോട്ടോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇത് വൈറലായതിനെ തുടര്‍ന്നാണ് നടപടി.

ഫോട്ടോയും വീഡിയോയും ശ്രദ്ധയില്‍പ്പെട്ട ലഖിംപൂര്‍ ട്രാഫിക് പോലീസ് ഇന്‍സ്‌പെക്ടര്‍ അംഗദ് സിങ്ങിന്റെ കാറിന് 3500 രൂപ ചലാന്‍ നല്‍കി. ട്രാഫിക് നിയമങ്ങള്‍ സാധാരണക്കാരനായാലും പോലീസുകാരനായാലും എല്ലാവര്‍ക്കും ഒരുപോലെയാണെന്നും ചട്ടങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കും എന്നും ട്രാഫിക്ക് പൊലീസ് അധികൃതര്‍ വ്യക്തമാക്കി.

Other News in this category4malayalees Recommends