'യൂത്ത് കോണ്‍ഗ്രസ് വ്യാജരേഖ അതീവ ഗൗരവമുള്ളത്, നവകേരള സദസില്‍ പങ്കെടുക്കാന്‍ പറ്റാത്ത എംഎല്‍എമാര്‍ മാനസിക സംഘര്‍ഷത്തില്‍'; മുഖ്യമന്ത്രി

'യൂത്ത് കോണ്‍ഗ്രസ് വ്യാജരേഖ അതീവ ഗൗരവമുള്ളത്, നവകേരള സദസില്‍ പങ്കെടുക്കാന്‍ പറ്റാത്ത എംഎല്‍എമാര്‍ മാനസിക സംഘര്‍ഷത്തില്‍'; മുഖ്യമന്ത്രി
യൂത്ത് കോണ്‍ഗ്രസ് വ്യാജരേഖ അതീവ ഗൗരവമുള്ള വിഷയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരിക്കലും നടക്കാന്‍ പാടില്ലാത്ത കാര്യമാണത്. ഇതിന് മുമ്പ് ഇങ്ങനെ നടന്നിട്ടുണ്ടോ, തിരെഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കും എന്നതൊക്കെ അന്വേഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരള സദസിന്റെ വേദിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലീഗ് നേതാവ് നവകേരള സദസിലെത്തിയ വിഷയത്തില്‍, സ്വാഭാവികമായും ഇത്തരത്തിലുള്ള പങ്കാളിത്തം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. 'പങ്കെടുക്കാന്‍ പറ്റാത്ത എംഎല്‍എമാര്‍ അനുഭവിക്കുന്ന മാനസിക അവസ്ഥ ആലോചിക്ക്. വല്ലാത്ത മാനസിക സംഘര്‍ഷമാകും അവര്‍ അനുഭവിക്കുന്നത്. ഇനിയും അവര്‍ വരുന്ന കാര്യം ആലോചിക്കാവുന്നതാണ്' മുഖ്യമന്ത്രി പറഞ്ഞു.

ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരായ കേന്ദ്ര നയം, അവയുണ്ടാക്കുന്ന സാമ്പത്തിക പ്രതിസന്ധി നേരിടുന്നു. ഇങ്ങനെ ഒരു അവസരം വരുമ്പോള്‍ അത് സര്‍ക്കാരിന്റെ ജനകീയത തകര്‍ക്കാനുള്ള ദുഷ്ടലാക്കാണ് പ്രതിപക്ഷത്തിന്. മറച്ചു വെക്കുന്ന യാഥാര്‍ഥ്യങ്ങള്‍ ജനങ്ങളെ ധരിപ്പിക്കന്നതിനാണ് ഈ പരിപാടി.

നാടിന്റെ യഥാര്‍ത്ഥ വിഷയം ചര്‍ച്ചയാക്കാതിരിക്കാന്‍ ബോധം പൂര്‍വ്വം ചിലര്‍ ശ്രമിക്കുന്നു. ആങ്ങനെ വരുമ്പോള്‍ ജനാധിപത്യപരമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നു. ജനാധിപത്യപരമായ കടമ നിറവേറ്റുകയാണ് നവകേരള സദസ്സിലൂടെ ചെയ്യുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

നവകേരള സദസില്‍ ഇന്നലെ കിട്ടിയത് 1908പരാതികളാണെന്ന് ഈ പരാതികളെല്ലാം പരിശോധിച്ച് നടപടിയെടുക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു. നവകേരള സദസില്‍ പങ്കെടുക്കാന്‍ വന്‍ ജനസഞ്ചയം ആണെത്തിയത്. നാനാതുറകളില്‍ നിന്നുള്ള ജനങ്ങള്‍ ഒരേമനസോടെ ഒത്തു ചേര്‍ന്നു. വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ട് പോകാനുള്ള ഉറച്ച പിന്തുണയായാണ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Other News in this category



4malayalees Recommends