നാലാഞ്ചിറയില്‍ നിന്നും കാണാതായ 12 വയസുകാരനെ കണ്ടെത്തി ; 5 കിലോമീറ്ററോളം കുട്ടി നടന്നു
നാലാഞ്ചിറയില്‍ നിന്നും കാണാതായ 12 വയസുകാരനെ കണ്ടെത്തിയതിന്റെ ആശ്വാസത്തിലാണ് കുടുംബവും നാട്ടുകാരും. നാലഞ്ചിറ കോണ്‍വെന്റ് ലൈനില്‍ ജിജോയുടെ മകന്‍ ജോഹിനെ കുറവംകോണത്ത് നിന്നാണ് കണ്ടെത്തിയത്. കുട്ടിയെ പരിചയമുളളയാള്‍ തിരിച്ചറിഞ്ഞതാണ് നിര്‍ണായകമായത്. നാലാഞ്ചിറയില്‍ നിന്നും 5 കിലോമീറ്ററോളം ദൂരം കുറവംകോണത്തേക്ക് കുട്ടി നടന്നു പോകുകയായിരുന്നു. റോഡില്‍ കൂടി നടന്നുപോകുന്നത് പരിചയക്കാരന്‍ കണ്ടതോടെയാണ് കുട്ടിയെ കിട്ടിയതെന്ന് അച്ഛന്‍ ജിജോ പറഞ്ഞു.
രാവിലെ ആറു മണിയോടെയാണ് കുട്ടിയെ വീട്ടില്‍ നിന്നും കാണാതായത്. രാവിലെ വീട്ടില്‍ നിന്ന് കുട്ടിയെ പെട്ടെന്ന് കാണാതെ ആകുകയായിരുന്നു. കുട്ടിയെ കണ്ടെത്തിയതില്‍ വലിയ ആശ്വാസവും സന്തോഷവുമുണ്ടെന്ന് എല്ലാവര്‍ക്കും നന്ദിയറിയിച്ച് അച്ഛന്‍ ജിജോ പറഞ്ഞു.