ഹോം ഓഫീസിനെതിരായ ഹൈക്കോടതി പോരാട്ടത്തില്‍ തോല്‍വിയടഞ്ഞ ഹാരി രാജകുമാരന് 1 മില്ല്യണ്‍ പൗണ്ട് ബില്‍; രാജകീയ ജീവിതം ഉപേക്ഷിച്ചതിന് ശേഷം പോലീസ് സുരക്ഷയ്ക്കായുള്ള കേസ് തോറ്റു; നികുതിദായകന്റെ പണം തിരിച്ചടയ്ക്കാന്‍ വിധി

ഹോം ഓഫീസിനെതിരായ ഹൈക്കോടതി പോരാട്ടത്തില്‍ തോല്‍വിയടഞ്ഞ ഹാരി രാജകുമാരന് 1 മില്ല്യണ്‍ പൗണ്ട് ബില്‍; രാജകീയ ജീവിതം ഉപേക്ഷിച്ചതിന് ശേഷം പോലീസ് സുരക്ഷയ്ക്കായുള്ള കേസ് തോറ്റു; നികുതിദായകന്റെ പണം തിരിച്ചടയ്ക്കാന്‍ വിധി
പോലീസ് സുരക്ഷ കുറയ്ക്കാനുള്ള ഹോം ഓഫീസ് തീരുമാനത്തിന് എതിരെ ഹൈക്കോടതി പോരാട്ടം നടത്തിയ ഹാരി രാജകുമാരനോട് കോടതി ചെലവുകള്‍ അടയ്ക്കാന്‍ നിര്‍ദ്ദേശം. സ്വന്തം നിയമ ചെലവുകള്‍ ഉള്‍പ്പെടെ ഏകദേശം 1 മില്ല്യണ്‍ പൗണ്ടിന്റെ വമ്പന്‍ ബില്ലാണ് ഇതോടെ രാജകുമാരനെ കാത്തിരിക്കുന്നത്.

തുക പകുതിയാക്കി കുറയ്ക്കണമെന്ന ഹാരിയുടെ അപേക്ഷ ജഡ്ജ് തള്ളിക്കളഞ്ഞു. സസെക്‌സ് ഡ്യൂക്കിന്റെ കേസ് നഷ്ടമായെന്ന് കോടതി ചൂണ്ടിക്കാണിച്ചു. വിധിക്കെതിരെ അപ്പീല്‍ നല്‍കാനുള്ള ഡ്യൂക്കിന്റെ ശ്രമവും ജഡ്ജ് അംഗീകരിച്ചില്ല. എന്നിരുന്നാലും കേസ് തുടരാന്‍ താല്‍പര്യമുണ്ടെങ്കില്‍ കോര്‍ട്ട് ഓഫ് അപ്പീലിനെ സമീപിക്കാന്‍ രാജകുമാരന് സാധിക്കും.

ഹോം ഓഫീസിനെതിരെ രണ്ട് വര്‍ഷം നീണ്ട പോരാട്ടത്തില്‍ ഇരട്ട വിധിയെഴുത്ത് രാജകുമാരന് കനത്ത തിരിച്ചടിയാണ്. 2020 ജനുവരിയില്‍ ഹാരിയും, മെഗാനും രാജകീയ ജീവിതത്തിന് കര്‍ട്ടനിട്ട ശേഷം സുരക്ഷ കുറച്ചതിന് എതിരെയാണ് ഹാരി കോടതിയെ സമീപിച്ചത്. 1997ല്‍ ഡയാന രാജകുമാരിയുടെ മരണത്തിന് സമാനമായ അപകടങ്ങള്‍ തങ്ങളെയും കാത്തിരിക്കുന്നുവെന്നാണ് ഹാരി ചൂണ്ടിക്കാണിച്ചത്.

കേസില്‍ തങ്ങളുടെ ഭാഗം അറിയിക്കാന്‍ ഹോം ഓഫീസ് 500,000 പൗണ്ട് പൊതുപണമാണ് ചെലവാക്കിയത്. കേസ് തോറ്റതോടെ ചെലവുകളുടെ പകുതി മാത്രം നല്‍കാനാണ് തനിക്ക് ബാധ്യതയെന്ന് ഹാരിയുടെ അഭിഭാഷകര്‍ വാദിച്ചിരുന്നു. എന്നാല്‍ തുക കുറച്ച് നല്‍കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ജഡ്ജ് വിധിച്ചു. ഹോം ഓഫീസ് ചില നിയമലംഘനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും വാദിക്ക് കേസ് നഷ്ടമായെന്ന് ചൂണ്ടിക്കാണിച്ചാണ് 90% ഫീസും തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Other News in this category



4malayalees Recommends