പ്രവാസി ഇടപാടുകാരന്റെ ഒരു ലക്ഷം ദിനാര്‍ തട്ടിയെടുത്തു; കുവൈറ്റ് ബാങ്ക് ഉദ്യോഗസ്ഥന് അഞ്ച് വര്‍ഷം തടവ്

പ്രവാസി ഇടപാടുകാരന്റെ ഒരു ലക്ഷം ദിനാര്‍ തട്ടിയെടുത്തു; കുവൈറ്റ് ബാങ്ക് ഉദ്യോഗസ്ഥന് അഞ്ച് വര്‍ഷം തടവ്
പ്രവാസിയായ ബാങ്ക് ഇടപാടുകാരനെ തെറ്റിദ്ധരിപ്പിച്ച് അയാളുടെ ഒരു ലക്ഷം ദിനാര്‍ (ഏകദേശം 2.7 കോടിയിലേറെ രൂപ) തട്ടിയെടുത്തതിന് കുവൈറ്റ് സ്വദേശിയായ ബാങ്കിലെ ജീവനക്കാരനെ കോടതി ശിക്ഷിച്ചു. അഞ്ച് വര്‍ഷം തടവിനാണ് അപ്പീല്‍ കോടതി ജഡ്ജി നാസര്‍ സാലിം അല്‍ ഹെയ്ദിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ശിക്ഷ വിധിച്ചത്.

പ്രതിമാസ നിക്ഷേപക പദ്ധതിയില്‍ ചേര്‍ക്കാമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ ഒരു ലക്ഷം ദിനാര്‍ ബാങ്കില്‍ നിക്ഷേപിക്കാന്‍ പ്രവാസിയെ പ്രേരിപ്പിച്ചത്. ഓരോ മാസവും വലിയ തുക ലാഭമായി ലഭിക്കുമെന്നും ഇയാള്‍ പ്രവാസിയെ വിശ്വസിപ്പിച്ചിരുന്നു. ഇതുപ്രകാരം ഒരു ലക്ഷം ദിനാറിന്റെ ചെക്ക് ബാങ്ക് ജീവനക്കാരന് ഇയാള്‍ കൈമാറി.

തട്ടിപ്പു നടത്തുന്നതിനായി ഇയാള്‍ ബാങ്ക് പേപ്പറുകള്‍, അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ്, ഇടപാട് രേഖകള്‍ തുടങ്ങിയവ വ്യാജമായി നിര്‍മ്മിച്ചു. പ്രവാസി തുക പിന്‍വലിക്കുന്നതായി കാണിച്ചാണ് ഇയാള്‍ വ്യാജരേഖകളുണ്ടാക്കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ പ്രവാസിയുടെ അക്കൗണ്ടില്‍ നിന്ന് തുക പിന്‍വലിക്കുകയും ചെയ്തു. താന്‍ തട്ടിപ്പിന് ഇരയായി എന്നു മനസ്സിലാക്കിയ പ്രവാസി രാജ്യത്തെ ക്രിമിനല്‍ കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തില്‍ ബാങ്ക് ജീവനക്കാരന്റെ തട്ടിപ്പ് പുറത്തുവരികയും ചെയ്തു.

Other News in this category



4malayalees Recommends