ജോലി നിര്‍ത്തി വീട്ടില്‍ വന്നു, നിര്‍ബന്ധിച്ച് തിരിച്ചുവിളിച്ച് കമ്പനി ഉടമ; മുരളീധരനെ തേടിയെത്തിയത് മരണം
കുടുംബത്തിനൊപ്പം വിശ്രമ ജീവിതം നയിക്കാനായിരിക്കെയാണ് പത്തനംതിട്ട വള്ളിക്കോട് വാഴമുട്ടം സ്വദേശി പി വി മുരളീധരന്റെ അപ്രതീക്ഷിത മരണം. ജോലി അവസാനിപ്പിച്ച് നാട്ടിലെത്തിയതായിരുന്നു മുരളീധരന്‍, ഇനി തിരിച്ച് പോകുന്നില്ല എന്നു പറഞ്ഞാണ് വീട്ടില്‍ എത്തിയത്. എന്നാല്‍ കുവൈറ്റില്‍ ജോലി ചെയ്തിരുന്ന കമ്പനിയില്‍ നിന്ന് ഒരുമാസം തികയും മുന്‍പ് വീണ്ടും തിരിച്ച് വരാന്‍ കമ്പനി ഉടമ മുരളീധരനെ വിളിക്കുകയായിരുന്നു. ആറു മാസംകൂടി നിന്നിട്ടു മടങ്ങിക്കോളൂ എന്നു പറഞ്ഞാണ് കമ്പനി വിളിച്ചത്. എന്ത് വന്നാലും നവംബറില്‍ മടങ്ങിപ്പോരും എന്നു പറഞ്ഞാണ് മുരളീധരന്‍ ഫെബ്രുവരിയില്‍ വീണ്ടും പോയത്. കൊവിഡ് കാലത്ത് എല്ലാം ഉപേക്ഷിച്ചു വന്നിട്ടും കമ്പനി മേധാവി നേരിട്ടു വിളിച്ചതോടെ അന്നും തിരികെ ജോലിയില്‍ പ്രവേശിച്ചിരുന്നു.
ബുധനാഴ്ചയാണ് കുവൈറ്റിലെ മംഗെഫ് ബ്ലോക്ക് നാലില്‍ പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള എന്‍ബിടിസി കമ്പനിയിലെ ജീവനക്കാരുടെ താമസക്കെട്ടിടത്തില്‍ അഗ്‌നിബാധയുണ്ടായത്. അപകടത്തില്‍ മരിച്ചത് 49 ഇന്ത്യക്കാരെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. ഇതില്‍ 46 പേരെ തിരിച്ചറിഞ്ഞു.