ശുചിമുറിയില്‍ കയറി വാതിലടച്ചു, പുക ഉയര്‍ന്നപ്പോള്‍ രണ്ടാം നിലയില്‍ നിന്ന് ചാടി; ശരത്തിന് പുതു ജന്മം

ശുചിമുറിയില്‍ കയറി വാതിലടച്ചു, പുക ഉയര്‍ന്നപ്പോള്‍ രണ്ടാം നിലയില്‍ നിന്ന് ചാടി; ശരത്തിന് പുതു ജന്മം
കുവൈറ്റിലെ തീപിടിത്തമുണ്ടായ ഫ്‌ലാറ്റിന്റെ രണ്ടാം നിലയില്‍ നിന്ന് തവനൂര്‍ മേപ്പറമ്പില്‍ ശരത് എടുത്തു ചാടിയത് പുതു ജീവിതത്തിലേക്ക്. ശരത് ഇപ്പോള്‍ കുവൈത്തിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. എന്‍ബിടിസി കമ്പനിയില്‍ ആറു വര്‍ഷമായി ജോലി ചെയ്യുകയാണ് ശരത്. അപകടം നടക്കുന്ന സമയത്ത് ഫ്‌ലാറ്റിലെ മുറിയില്‍ ശരത് അടക്കം 5 പേര്‍ ഉണ്ടായിരുന്നു. മുറിയിലുണ്ടായിരുന്ന തിരുവല്ല സ്വദേശി അനിലാണ് തീപിടിത്തമുണ്ടായ പുലര്‍ച്ചെ 4 പേരെയും വിളിച്ചുണര്‍ത്തിയത്. മുറി നിറയെ കറുത്ത പുക നിറഞ്ഞിരുന്നു.

വാതില്‍ തുറന്നപ്പോള്‍ തീ ആളിപ്പടരുന്നതാണു കണ്ടത്. ആദ്യം ശുചിമുറിയില്‍ കയറി വാതിലടയ്ക്കാന്‍ ശ്രമിച്ചു. പിന്നിട് ശ്വാസം മുട്ടിയപ്പോള്‍ 5 പേരും ജനല്‍ വഴി പുറത്തിറങ്ങാന്‍ ശ്രമിച്ചു. താഴേക്കു ചാടുകയല്ലാതെ മറ്റുവഴികളില്ലെന്ന് തിരിച്ചറിഞ്ഞതോടെ ഓരോരുത്തരായി ചാടി. ജീവന്‍ പണയംവച്ച് ആദ്യം ശരത് ചാടി, പിന്നാലെ മറ്റു നാല് പേരും. ചാട്ടത്തില്‍ ഇടതുകാലിനു പരുക്കേറ്റു. മറ്റുള്ളവര്‍ക്കും പരുക്കുണ്ട്. കുടുംബത്തിന്റെ ഏക ആശ്രയമായ ശരത് 2 മാസം മുന്‍പാണ് നാട്ടില്‍ വന്നുപോയതാണ്.

ബുധനാഴ്ചയാണ് കുവൈറ്റിലെ മംഗെഫ് ബ്ലോക്ക് നാലില്‍ പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള എന്‍ബിടിസി കമ്പനിയിലെ ജീവനക്കാരുടെ താമസക്കെട്ടിടത്തില്‍ അഗ്‌നിബാധയുണ്ടായത്. അപകടത്തില്‍ മരിച്ചത് 49 ഇന്ത്യക്കാരെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. ഇതില്‍ 46 പേരെ തിരിച്ചറിഞ്ഞു.

Other News in this category4malayalees Recommends