ബ്രിട്ടനില്‍ പഠിക്കാനുള്ള ആവേശം കുറയുന്നു; വിസാ നിയന്ത്രണങ്ങള്‍ വന്നതിന് പിന്നാലെ വിദ്യാര്‍ത്ഥികളുടെ അപേക്ഷകളില്‍ 30 ശതമാനത്തിന്റെ കുറവ്; ആശ്രിതരുടെ വിസ അപേക്ഷകള്‍ 79% താഴ്ന്നു; നേട്ടമായി ഉയര്‍ത്തിക്കാണിച്ച് ഹോം സെക്രട്ടറി

ബ്രിട്ടനില്‍ പഠിക്കാനുള്ള ആവേശം കുറയുന്നു; വിസാ നിയന്ത്രണങ്ങള്‍ വന്നതിന് പിന്നാലെ വിദ്യാര്‍ത്ഥികളുടെ അപേക്ഷകളില്‍ 30 ശതമാനത്തിന്റെ കുറവ്; ആശ്രിതരുടെ വിസ അപേക്ഷകള്‍ 79% താഴ്ന്നു; നേട്ടമായി ഉയര്‍ത്തിക്കാണിച്ച് ഹോം സെക്രട്ടറി
ഇമിഗ്രേഷന്‍ ബ്രിട്ടീഷ് തെരഞ്ഞെടുപ്പില്‍ തീപ്പൊരി വിഷയമാണ്. ഭരണപക്ഷവും, പ്രതിപക്ഷവും, ചെറുകിട കക്ഷികളും വരെ ഇമിഗ്രേഷന്‍ കുറയ്ക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. ഇമിഗ്രേഷന്‍ കൂടുന്നത് മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീയ ലാഭം തന്നെയാണ് ഇതിന് പിന്നിലെ പ്രധാന ഘടകം. സകല അടവുകളും പാളിനില്‍ക്കുന്ന ഘട്ടത്തില്‍ കണ്‍സര്‍വേറ്റീവുകള്‍ക്ക് ആശ്വാസമേകുന്ന വാര്‍ത്തയാണ് ഹോം ഓഫീസ് പുറത്തുവിട്ടിരിക്കുന്നത്.

2024 വര്‍ഷത്തിലെ ആദ്യ അഞ്ച് മാസങ്ങളില്‍ ബ്രിട്ടനിലേക്ക് വരാനായി അപേക്ഷ സമര്‍പ്പിച്ച കുടിയേറ്റക്കാരുടെ എണ്ണത്തില്‍ വന്‍തോതില്‍ ഇടിവ് ഉണ്ടായിരിക്കുന്നു. ഹോം സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി നിയമപരമായ കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കര്‍ശന നടപടികള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിസാ അപേക്ഷകളില്‍ 30 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്.

വര്‍ഷാവര്‍ഷ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ മൂന്ന് പ്രധാന തരത്തിലുള്ള വിസകള്‍ക്കായി അപേക്ഷിക്കുന്ന കുടിയേറ്റക്കാരുടെയും, ഇവരുടെ ആശ്രിതരുടെയും എണ്ണത്തില്‍ കാല്‍ഭാഗം കുറവ് വന്നതായി ഹോം ഓഫീസ് വ്യക്തമാക്കി. ഇതില്‍ വിദ്യാര്‍ത്ഥികളുടെ ആശ്രിതരുടെ അപേക്ഷയില്‍ 79 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.

ജനുവരി മുതല്‍ ആശ്രിതരെ കൊണ്ടുവരാനുള്ള വിദേശ വിദ്യാര്‍ത്ഥികളുടെ അവകാശം ഗവണ്‍മെന്റ് വെട്ടിക്കുറച്ചിരുന്നു. പോസ്റ്റ്ഗ്രാജുവേറ്റ് ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് നിലവില്‍ കുടുംബാംഗങ്ങളെ കൊണ്ടുവരാന്‍ ഇളവുള്ളത്. കൂടാതെ കെയര്‍ വര്‍ക്കര്‍മാര്‍ ആശ്രിതരെ കൊണ്ടുവരുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ ഈ വര്‍ഷത്തെ ആദ്യ അഞ്ച് മാസത്തിനിടെ യുകെയിലേക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരാന്‍ അപേക്ഷിച്ചവരുടെ എണ്ണം 61,600 ആയി താഴ്ന്നു. കഴിഞ്ഞ വര്‍ഷം ഇത് 78,600 എത്തിയിരുന്നു.

Other News in this category4malayalees Recommends