പലസ്തീന്റെ 35 ദശലക്ഷം ഡോളര്‍ തടഞ്ഞുവെച്ച് ഇസ്രയേല്‍; ഉടനെ കൊടുക്കണമെന്ന് കടുത്ത സ്വരത്തില്‍ അമേരിക്ക

പലസ്തീന്റെ 35 ദശലക്ഷം ഡോളര്‍ തടഞ്ഞുവെച്ച് ഇസ്രയേല്‍; ഉടനെ കൊടുക്കണമെന്ന് കടുത്ത സ്വരത്തില്‍ അമേരിക്ക
പലസ്തീന് അവകാശപ്പെട്ട 35 ദശലക്ഷം ഡോളര്‍ തടഞ്ഞുവെച്ച ഇസ്രയേല്‍ നടപടിക്കെതിരെ അമേരിക്ക രംഗത്ത്. ഈ തുക ഉടന്‍ പലസ്തീന് നല്‍കണമെന്ന് അമേരിക്കയുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് ആവശ്യപ്പെട്ടു. ഇസ്രയേലിന്റെ തീവ്ര ദേശീയവാദിയായ ധനമന്ത്രി ബെസലെല്‍ സ്‌മോത്രിച്ചാണ് മെയ് മാസത്തില്‍ ഫലസ്തീനുള്ള ഫണ്ട് തടഞ്ഞുവെച്ചത്. എന്നാല്‍ അമേരിക്കയുടെ ഇപ്പോഴത്തെ നിലപാടിന് പിന്നില്‍ മേഖലയിലെ സമാധാനപ്രശ്‌നവും ഗള്‍ഫ് രാജ്യങ്ങളുടെ സമ്മര്‍ദ്ദവുമുണ്ടെന്നാണ് വിവരം.

പലസ്തീന് ഈ ധനസഹായം ലഭിച്ചില്ലെങ്കില്‍ അവിടുത്തെ ഭരണകൂടത്തിന് തുടരാനാവില്ലെന്നും മേഖലയില്‍ രാഷ്ട്രീയ അസ്ഥിരതയുണ്ടാകുമെന്നുമുള്ള ഭീതിയാണ് അമേരിക്കയെ അടിയന്തിരമായി ഇടപെടാന്‍ പ്രേരിപ്പിച്ചത്. സാമ്പത്തിക അസ്ഥിരതയുണ്ടായാല്‍ വെസ്റ്റ് ബാങ്കിലും യുദ്ധം പൊട്ടിപ്പുറപ്പെടുമെന്ന് അമേരിക്ക ഭയക്കുന്നു. അങ്ങിനെ വന്നാല്‍ ലെബനോനിലെ ഹെസബൊള്ളയും ഇസ്രയേലും തമ്മില്‍ രൂക്ഷമായ സംഘര്‍ഷമുണ്ടാകുമെന്ന ഭയവും അമേരിക്കയ്ക്ക് ഉണ്ട്.

ഉഭയകക്ഷി ധാരണപ്രകാരമാണ് ഇസ്രയേല്‍ ഈ നികുതി പലസ്തീന് വേണ്ടി പിരിക്കുന്നത്. പലസ്തീന്റെ പ്രധാന വരുമാന മാര്‍ഗമാണിത്. എന്നാല്‍ ഒക്ടോബറിലെ ഹമാസ് ആക്രമണത്തിന് ശേഷം വ്യാപാര മേഖല സ്തംഭിച്ച പലസ്തീനില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ്. ഇതിന്റെ ആക്കം കൂട്ടുന്ന നിലപാടായിരുന്നു ഫണ്ട് തടഞ്ഞുവെച്ചുള്ള ഇസ്രയേല്‍ ധനമന്ത്രിയുടെ തീരുമാനം. രണ്ട് മാസത്തോളം ഇത് തുടര്‍ന്നു. കഴിഞ്ഞ ഡിസംബറില്‍ യു.എസ് പ്രസിഡന്റ് ബൈഡനും ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവും തമ്മില്‍ നടന്ന ടെലിഫോണിക് സംഭാഷണത്തിലും ഈ ഫണ്ട് ഉടന്‍ നല്‍കാന്‍ ബൈഡന്‍ ആവശ്യപ്പെട്ടിരുന്നു. അന്ന് ഇസ്രയേല്‍ ഇതിന് ഒരുക്കമായിരുന്നില്ല. പക്ഷെ അമേരിക്കയുടെ കടുത്ത നിലപാട് അനുസരിച്ച് ഇസ്രയേല്‍ ഫണ്ട് കൈമാറി.

എന്നാല്‍ ഇത് അധികകാലം നീണ്ടുപോയില്ല. മെയ് മാസം ആദ്യം ഇസ്രയേല്‍ വീണ്ടും ഈ ടാക്‌സ് നല്‍കാതെ തടഞ്ഞു. എന്നാല്‍ സ്‌മോത്രിച്ചിന്റെ തീരുമാനം അമേരിക്കയെ കൂടുതല്‍ ചൊടിപ്പിക്കുകയായിരുന്നു. പലസ്തീന്‍ ഭരണകൂടത്തെ അസ്ഥിരപ്പെടുത്തിയ നീക്കം മേഖലയിലെ സമാധാന നീക്കങ്ങളെ തടസപ്പെടുത്തുന്നതുമായിരുന്നു. വെസ്റ്റ് ബാങ്കില്‍ സ്ഥിതി വഷളാക്കുകയും ചെയ്തു. മഖസ എന്ന് അറിയപ്പെടുന്ന ഈ നികുതി വരുമാനം പലസ്തീന് വളരെയേറെ പ്രധാനമാണ്. ഇതില്ലാതെ വന്നതോടെ കഴിഞ്ഞ മാസം ഫലസ്തീനിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 50 ശതമാനം ശമ്പളം മാത്രമാണ് കഴിഞ്ഞ മാസം നല്‍കിയത്. ഫലസ്തീനിലേക്ക് ഇറക്കുമതി ചെയ്യുന്നതും ഇവിടെ നിന്ന് കയറ്റുമതി ചെയ്യുന്നതുമായ ഉല്‍പ്പന്നങ്ങളില്‍ നിന്ന് നികുതി പിരിക്കുന്നത് ഇസ്രയേലാണ്. മൂന്ന് ശതമാനം കമ്മീഷന്‍ കുറച്ച ശേഷം പിരിച്ചെടുക്കുന്ന ബാക്കി തുക ഫലസ്തീന് നല്‍കുന്നതാണ് പതിവ്. ഓരോ മാസവും 220 ദശലക്ഷം ഡോളറാണ് ഈ നിലയില്‍ ഫലസ്തീന് കിട്ടാറുള്ളത്.

ആന്റണി ബ്ലിങ്കന്റെ ഇടപെടലോടെ ഫലസ്തീന്റെ സാമ്പത്തിക പ്രയാസം കുറേയൊക്കെ കുറയുമെന്നാണ് കരുതപ്പെടുന്നത്. തിങ്കളാഴ്ച ജെറുസലേമില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ആന്റണി ബ്ലിങ്കന്‍ നെതന്യാഹുവിനോട് ഫലസ്തീന്റെ തടഞ്ഞുവച്ച തുക കൈമാറാന്‍ നിര്‍ദ്ദേശിച്ചത്. ഇത് വളരെ പ്രധാനപ്പെട്ടതാണെന്നും അമേരിക്ക വ്യക്തമാക്കിയിരുന്നു. തൊട്ടടുത്ത ദിവസം ജോര്‍ദാനില്‍ പലസ്തീന്‍ പ്രധാനമന്ത്രി മൊഹമ്മദ് മുസ്തഫയുമായും ബ്ലിങ്കന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതേ വിഷയം ഇവരും തമ്മില്‍ ചര്‍ച്ച ചെയ്തു. തങ്ങളുടെ ഫണ്ട് വേഗത്തില്‍ ലഭ്യമാക്കാന്‍ ഇടപെടണമെന്ന് യോഗത്തില്‍ മുസ്തഫ ആവശ്യപ്പെട്ടു.

എന്നാല്‍ ഇസ്രയേല്‍ ഇനിയും ഫണ്ട് കൈമാറാന്‍ ഉദ്ദേശിക്കുന്നില്ലെങ്കില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് സൗദി അറേബ്യയുമായി ചേര്‍ന്ന് അമേരിക്ക തന്നെ പലസ്തീന് വേണ്ടിയുള്ള ധനസമാഹരണത്തിന് ശ്രമിക്കുമെന്നാണ് വിവരം.

Other News in this category4malayalees Recommends