വഴിയോരകച്ചവടക്കാരിയില്‍ നിന്ന്, ഒരു കോടി രൂപ ഒന്നാം സമ്മാനം നേടിയ ലോട്ടറി ടിക്കറ്റ് വില്പ്പനക്കാരന് തട്ടിയെടുത്ത സംഭവത്തില്‍ ടിക്കറ്റ് വീട്ടമ്മയ്ക്ക് തിരികെ ലഭിച്ചു. മ്യൂസിയം പരിസരത്ത് തൊപ്പിക്കച്ചവടം നടത്തുന്ന കല്ലിയൂര്‍ ദീപു സദനത്തില്‍ സുകുമാരിയമ്മയ്ക്കാണ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ലോട്ടറി ടിക്കറ്റ് തിരികെ ലഭിച്ചത്.
ടിക്കറ്റും ബാങ്ക് രേഖകളും പരിശോധിച്ച ശേഷം കമ്മിഷനും മറ്റും കഴിച്ചുള്ള തുകയായ 63 ലക്ഷം രൂപ ഉടന്‍ സുകുമാരിയമ്മയ്ക്ക് കൈമാറുമെന്ന് ലോട്ടറി വകുപ്പ് അധികൃതര്‍ അറിയിച്ചു.
പേരൂര്‍ക്കട വയലരികത്ത് വീട്ടില്‍ കണ്ണനെ(45) മ്യൂസിയം പൊലീസ് പിടികൂടിയിരുന്നു. ലോട്ടറി കച്ചവടക്കാരനാണ് ഇയാള്‍. സുകുമാരിയമ്മ എടുത്ത കേരള സര്‍ക്കാരിന്റെ ഫിഫ്റ്റി ഫിഫ്റ്റി ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചത്. 15നായിരുന്നു നറുക്കെടുപ്പ്. ഫിഫ്റ്റി ഫിഫ്റ്റിയുടെ ഒരേ നമ്പര്‍ സീരീസിലുള്ള 12 ടിക്കറ്റാണ് സുകുമാരിയമ്മ വാങ്ങിയത്. ഇതില്‍ എഫ്ജി 3,48,822 എന്ന ടിക്കറ്റിനായിരുന്നു ഒന്നാംസമ്മാനം. ഒരു ടിക്കറ്റിന് 100 രൂപവീതം 1200 രൂപ ലഭിച്ചെന്നു പറഞ്ഞാണ് ഇയാള്‍ സുകുമാരിയമ്മയെ കബളിപ്പിച്ച് ടിക്കറ്റുകള്‍ തിരികെ വാങ്ങിയത്. 500 രൂപയും ബാക്കി 700 രൂപയ്ക്ക് ലോട്ടറിടിക്കറ്റും തിരികെ നല്കി.
പാളയത്തുള്ള ഒരു വഴി കച്ചവടക്കാരനോട് കണ്ണന് തനിക് ലോട്ടറി അടിച്ചെന്ന് പറയുകയും മധുരം നല്‍ക്കുകയും ചെയ്ത വിവരം അറിഞ്ഞപ്പോഴാണ് സുകുമാരിയമ്മയ്ക്ക് തട്ടിപ്പ് മനസ്സിലായത്. ഉടനെ പൊലീസില്‍ പരാതി നല്‍കുക്കയായിരുന്നു.