സുരേഷ് ഗോപിയുടെ മകന്‍ ആയതിനാല്‍ തനിക്ക് അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് നടന്‍ ഗോകുല്‍ സുരേഷ്. പുതിയ ചിത്രം 'ഗഗനചാരി'യുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെയാണ് ഗോകുല്‍ സംസാരിച്ചത്. തന്നെ ചവിട്ടിയിട്ടുള്ള ആളുകള്‍ തന്നെ പിന്നീട് ചില വേദികളില്‍ വച്ച് കെട്ടിപ്പിടിക്കുകയും സ്‌നേഹപ്രകടനങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട് എന്നാണ് ഗോകുല്‍ പറയുന്നത്.
'പ്രത്യക്ഷത്തില്‍ എന്നെ കാണിക്കുന്ന രീതിയില്‍ ആരും പണിയുന്നതായി തോന്നിയിട്ടില്ലെങ്കിലും ഞാന്‍ അറിഞ്ഞിട്ടുണ്ട്. കുറേ അവസരങ്ങള്‍ മാറിപ്പോകുന്നതൊക്കെ കാണുമ്പോള്‍ നമുക്ക് ഊഹിക്കാമല്ലോ, ഇത് എന്താ നമ്മുടെ അടുത്ത് ഇങ്ങനെ ഉണ്ടാവുന്നതെന്ന്. അതിന്റെ ചില പാറ്റേണുകളോക്കെ എനിക്ക് മനസിലായിട്ടുണ്ട്.'
'നമ്മളെ അങ്ങനെ വെറുതെ വിടുകയല്ലെന്നും എനിക്ക് മനസിലായി. ഒരു ബന്ധമില്ലെങ്കിലും മകനാണെന്ന കാരണത്താല്‍ ചവിട്ട് ഇങ്ങോട്ടും വരുണ്ടെന്ന് മനസിലായിട്ടുണ്ട്. അത് പ്രത്യക്ഷത്തില്‍ ആരും കാണിച്ചിട്ടില്ല.'
'ചിലപ്പോള്‍ ചവിട്ടിയിട്ടുള്ള ആളുകള്‍ തന്നെ പിന്നീടൊരു വേദിയില്‍ കാണുമ്പോള്‍ കെട്ടിപ്പിടിക്കുകയും സ്‌നേഹപ്രകടനം നടത്തുകയും നല്ലവാക്ക് പറയുകയും ഞാന്‍ ഗംഭീര നടനാണെന്ന പറയുകയുമൊക്കെ ചെയ്തിട്ടുണ്ട്. നമുക്ക് അറിയാം' എന്നാണ് ഗോകുല്‍ പറയുന്നത്.